
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള സംഘടിത ആക്രമാണ് നടത്തുന്നത്. . മുഖ്യമന്ത്രിയുടെ രാജിയാണ് ലക്ഷ്യം. മുഖ്യമന്ത്രി രാജി വയ്ക്കില്ല. ഇതിന്റെ പേരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന തുറന്നുകാട്ടാൻ പ്രചാരണം സംഘടിപ്പിക്കും. 164 പ്രകാരം നൽകിയ രഹസ്യമൊഴി അതേ ആൾ തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. നേരത്തെയും 164 പ്രകാരം രഹസ്യ മൊഴി നൽകിയിരുന്നു. മൊഴിയിൽ നിറയെ വൈരുദ്ധ്യങ്ങളാണ്. എല്ലാം പുറത്തു വരുമ്പോൾ വൈരുദ്ധ്യങ്ങൾ അറിയാം. മുഖ്യമന്ത്രിക്ക് സ്വർണ്ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ സ്വപ്ന, പിന്നീട് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടായെന്നും വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് കേസുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് അത് മാറ്റി. അവരുടെ മൊഴി എത്രത്തോളം വിശ്വാസ്യമാണെന്ന് കോടതി പരിശോധിക്കട്ടെ.
ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയെന്നതാണ് പുതിയ വെളിപ്പെടുത്തൽ. ഈന്തപ്പഴത്തിലും ഖുറാനിലും സ്വർണ്ണം കടത്തിയെന്നായിരുന്നു നേരത്തെയുള്ള ആരോപണം. ഇതിന്റെ പിന്നിലെ ഗൂഢാലോചന സർക്കാർ കണ്ടെത്തണം. നയതന്ത്ര ബാഗ് വഴി സ്വർണ്ണം അയച്ചതാര്, അത് കൈപ്പറ്റിയതാര് തുടങ്ങിയ കാര്യങ്ങൾ കേന്ദ്രഏജൻസി അന്വേഷിച്ചതാണ്. ഇത്രയും കാലമായിട്ടും ഇത് കണ്ടെത്താൻ ഏജൻസിക്ക് കഴിഞ്ഞില്ല.2020 ൽ ഇങ്ങനെയൊരു ആരോപണം ഉയർന്നപ്പോൾ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത് മുഖ്യമന്ത്രിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഉദ്ദേശിച്ച ഫലം യു.ഡി.എഫിനും ബി.ജെ.പിക്കും കിട്ടാത്തതിന്റെ പേരിലാണ് ഇപ്പോൾ ഇത്തരം വിഷയങ്ങൾ കുത്തിപ്പൊക്കുന്നത്.
സ്വപ്നയുടെ ശബ്ദരേഖയിലുള്ള ഷാജ് കിരണിനെ തനിക്കറിയില്ല. സ്വപ്നയെപ്പോലും താൻ കണ്ടിട്ടില്ല. അമേരിക്കയിൽ മൂന്ന് തവണ പോയത് ചികിത്സയ്ക്ക് വേണ്ടിയാണ് . തന്റെ ചികിത്സാച്ചെലവ് പൂർണ്ണമായി വഹിച്ചത് പാർട്ടിയാണ്.ഒരു നയാപൈസ പോലും മറ്റാരും വഹിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.