ഉദിയൻകുളങ്ങര: ധനുവച്ചപുരത്ത് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് എക്സൈസ് സംഘങ്ങൾ രഹസ്യ നിരീക്ഷണ സ്ക്വാഡുകൾ രൂപീകരിച്ചു. നിലവിൽ പരിശോധന ശക്തമാണെങ്കിലും പ്രദേശത്ത് ലഹരി വസ്തുക്കളുടെ വില്പന തകൃതിയായി നടക്കുന്നെന്ന ആക്ഷേപം ശക്തമാണ്. ഇതിന്റെ ഭാഗമായാണ് ധനുവച്ചപുരത്ത് ലഹരി വില്പന സംഘങ്ങൾ തമ്മിൽ നിരന്തരം സംഘർഷമുണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കേരള - തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളായ വെള്ളറട, കന്നുമാംമൂട്, പാറശാല, ഊരമ്പ് എന്നിവിടങ്ങൾ വഴി കേരളത്തിലേക്ക് എത്തുന്ന ലഹരി വസ്തുക്കൾ അതിർത്തി മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഏജന്റുകൾ വഴി വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നതാണ് രീതി. അതിർത്തിയിൽ പതിനാറോളം ചെക്ക്പോസ്റ്റുകൾ ഉണ്ടെങ്കിലും വേണ്ടരീതിയിൽ പരിശോധന നടക്കാറില്ലെന്നും പരാതിയുണ്ട്. രഹസ്യ സ്ക്വാഡുകളിലൂടെ പ്രദേശത്തെ ലഹരി വില്പന സംഘത്തെ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.