
ജൂലായ് മുതൽ സജീവമായേക്കും
തിരുവനന്തപുരം: കാലവർഷം ഒരാഴ്ച പിന്നിടുമ്പോൾ മഴ 61% കുറവ്. കടലിലെ മഴമേഘങ്ങൾ കരയെത്തും മുമ്പേ പെയ്യുന്നതിനാൽ കാലവർഷക്കാറ്റിന് വേഗത കുറയും. അതാണ് മഴ സജീവമാകാത്തത്. ഇപ്പോൾ ശരാശരിയേക്കാൾ 20% കൂടുതൽ മഴ കിട്ടേണ്ടതാണ്. കേരളത്തിൽ ഏറവുമധികം മഴ ജൂലായിലാണ്. 720.1 മില്ലി മീറ്റർ കിട്ടണം. 643 മില്ലി മീറ്റർ ജൂണിലും. ഇത്തവണ കുറയും.
ജൂലായിൽ മൺസൂൺ കാറ്റിന് വേഗമേറി മഴമേഘങ്ങൾ കരയിലേക്ക് വന്ന് മഴ സജീവമാകാം.
മേയ് 29ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് കേരളത്തിൽ കാലവർഷം സ്ഥിരീകരിച്ചെങ്കിലും ജൂൺ ഒന്നുമുതൽ ലഭിച്ച മഴയാണ് കണക്കിൽ ഉൾപ്പെടുത്തുക.
എല്ലാ ജില്ലയിലും മഴ ഏറ്റവും കുറവാണ്. കാലവർഷം കൂടുതൽ പെയ്യാറുള്ള കാസർകോട്, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിൽ മഴ 50 ശതമാനത്തിലധികം കുറഞ്ഞു. പാലക്കാട്ട് 83% കുറവുണ്ട്.
കഴിഞ്ഞ രണ്ട് വർഷവും വേനൽ മഴ കൂടുതലും കാലവർഷം കുറവുമായിരുന്നു. ഇത്തവണയും 98% അധിക വേനൽമഴ കിട്ടി.
കഴിഞ്ഞ തവണ സംസ്ഥാനത്ത് മഴ16% കുറവായിരുന്നു. ഇത്തവണ ശരാശരിയിലും കുറയുമെന്നാണ് പ്രവചനം.
യെല്ലോ അലർട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട്.കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. കനത്ത മഴ, പ്രളയവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോൾ എല്ലാ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികളുടെ ഓറഞ്ച് ബുക്ക് ദുരന്ത നിവാരണ അതോറിട്ടി പ്രസിദ്ധീകരിച്ചു.
മഴ ഇതുവരെ
കിട്ടിയത് 69.4 മി. മീറ്റർ
കിട്ടേണ്ടത് 163.9മി.മീറ്റർ