
വിഴിഞ്ഞം: ചാകരകാത്ത് വിഴിഞ്ഞത്ത് തിരക്കേറിയെങ്കിലും മീൻ കിട്ടിത്തുടങ്ങിയിട്ടില്ല. തീരത്ത് എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ് ഇപ്പോൾ. സംസ്ഥാനത്ത് വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ വിഴിഞ്ഞത്ത് പരമ്പരാഗത വള്ളങ്ങളുടെ തിരക്ക് തുടങ്ങി. വള്ളവിള മുതൽ പൂന്തുറ വരെയുള്ള മത്സ്യബന്ധന തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയെങ്കിലും ട്രോളർ ബോട്ടുകൾ ഇല്ലാത്ത വിഴിഞ്ഞത്ത് ചെറുവള്ളങ്ങളും കട്ടമരങ്ങളും മീൻ തേടി ഉൾക്കടലിലേക്ക് പോകും. കാലവർഷം എത്തിയാൽ ഇനി മൂന്ന് മാസം വിഴിഞ്ഞത്ത് ചാകരക്കാലമാണ്. കാലവർഷം കനിഞ്ഞാൽ മീൻ ലഭ്യത കൂടും. മത്സ്യബന്ധന സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സുരക്ഷയ്ക്കായി 150ഓളം പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ശുദ്ധജലം, വെളിച്ചം തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചു. വള്ളങ്ങളുടെ സുഗമമായ യാത്രയ്ക്കായി വഴിതെളിച്ച് ബോയകൾ സ്ഥാപിച്ചിട്ടുണ്ട്. കൊഞ്ച്, അതുകഴിഞ്ഞാൽ കണവ, തുടർന്ന് വാള മത്സ്യത്തിന്റെ വരവോടെ സീസൺ അവസാനിക്കാറാണ് പതിവ്. ഇതിനൊപ്പം മറ്റ് മത്സ്യങ്ങളും ലഭിക്കും. സുരക്ഷയ്ക്കായി കോസ്റ്റൽ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും സുരക്ഷാ ബോട്ടുകൾ വിഴിഞ്ഞത്ത് സജ്ജമാക്കിയിട്ടുണ്ട്.