
തിരുവനന്തപുരം: ഇന്ത്യയുടെ വളർച്ചയിൽ നഗരങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനം ഏറെ പ്രധാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യങ്ങളും മാലിന്യരഹിത അന്തരീക്ഷവും മെച്ചപ്പെട്ട ജീവിത നിലവാരവും ഭരണനിർവഹണ സംവിധാനവുമുള്ള നഗരങ്ങളാണ് ആധുനികസമൂഹം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷൻ ട്രിവാൻഡ്രം 2025 എന്ന പ്രമേയത്തിൽ ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ (ടി.എം.എ) സംഘടിപ്പിക്കുന്ന ദ്വിദിന വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ 'ട്രിമ 2022"ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ രാജ്യം പുരോഗതിയിലേക്ക് നീങ്ങുമ്പോൾ സാങ്കേതികവിദ്യയിലും കണക്ടിവിറ്റിയിലും കേരളം കൈവരിച്ച നേട്ടങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബായി മാറാൻ തിരുവനന്തപുരത്തിനാകും. യുവതലമുറയിലെ ഭരണനിർവഹകർക്ക് അനുകമ്പയുടെയും സഹാനുഭൂതിയുടെയും മൂല്യങ്ങൾ നൽകേണ്ടതുണ്ടെന്ന് നിർദേശിച്ച ഗവർണർ, പുരാതന ഇന്ത്യ ആവിഷ്‌കരിച്ചതും പകർന്നു നൽകിയതുമായ മാനേജ്‌മെന്റിന്റെ സുവർണ തത്വങ്ങൾ അനുസ്‌മരിക്കുകയും ചെയ്തു. ടി.എം.എ അംഗങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ദ്ധരുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി കെ.പി.എം.ജി സമാഹരിച്ച 'ട്രിവാൻഡ്രം വിഷൻ 2025 എ സ്‌നാപ്‌ഷോട്ട് ഒഫ് സിറ്റീസ് വിഷൻ ഡെവലപ്‌മെന്റ് ജേർണി" എന്ന പുസ്‌തകം വി.എസ്.എസ്.സി ഡയറക്ടർ എസ്. ഉണ്ണികൃഷ്‌ണൻ നായർക്ക് നൽകി ഗവർണർ പ്രകാശനം ചെയ്‌തു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിലെ മികച്ച സംഭാവനകൾക്ക് ടി.എം.എ ഏർപ്പെടുത്തിയ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്.സോമനാഥിന് വേണ്ടി വി.എസ്.എസ്.സി ഡയറക്ടർ എസ്. ഉണ്ണികൃഷ്‌ണൻ നായർ ഗവർണറിൽ നിന്ന് സ്വീകരിച്ചു. ടി.എം.എ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന് വേണ്ടി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദനും സ്‌റ്റാർട്ടപ്പ് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച സംഭാവനകൾക്കുള്ള ടി.എം.എ അദാനി സ്റ്റാർട്ടപ്പ് അവാർഡ് എൽവിക്ടോ ടെക്‌നോളജീസിനുവേണ്ടി മാനേജിംഗ് ഡയറക്ടർ അജയ് അജയ് ജോസ്, ഡയറക്ടർ സജി ജോസഫ് എന്നിവരും തിരുവനന്തപുരം മിഷൻ 2030 നെക്കുറിച്ചുള്ള മികച്ച പേപ്പർ അവതരണത്തിനുള്ള ടി.എം.എ കിംസ് അവാർഡിന് അർഹരായ സി.ഇ.ടി സ്‌കൂൾ ഒഫ് മാനേജ്‌മെന്റിലെ അതിരജ് ജെആർ നായർ, രണ്ടാം സ്ഥാനം നേടിയ ഡിയസി സ്‌കൂൾ ഒഫ് മാനേജ്‌മെന്റിലെ ആകാശ്. എസ്, അജീഷ് വി.എസ്, സി.ഇ.ടി സ്‌കൂൾ ഒഫ് മാനേജ്‌മെന്റിലെ ഉത്തരാനായർ, രാഹുൽ. എ എന്നിവരും പുരസ്‌കാരങ്ങൾ സ്വീകരിച്ചു. ട്രിമ 2022 ചെയർമാനും കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള വിഷയം അവതരിപ്പിച്ചു. കെ.പി.എം.ജി അസോസിയേറ്റ് ഡയറക്ടർ രേഖ ജോയ് വിഷൻ ട്രിവാൻഡ്രം 2025 നെക്കുറിച്ചുള്ള അവതരണം നടത്തി. ടി.എം.എ പ്രസിഡന്റ് രാജേഷ് ഝാ സ്വാഗതവും സെക്രട്ടറി എ. സുനിൽകുമാർ നന്ദിയും പറഞ്ഞു.