കുളത്തൂർ: കയറ്റിറക്ക് കൂലിത്തർക്കം പരിഹരിക്കാത്തതിനെത്തുടർന്ന് കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചു. ലോറികളിൽ ലോഡ് കയറ്റാൻ തൊഴിലാളികൾ തയ്യാറാകാത്തതോടെ നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ റേഷൻ കടകളിലേക്കുള്ള അരി വിതരണം നിലച്ചു. ബുധനാഴ്ച ലോഡ് കയറ്റാൻ ലോറികൾ എത്തിയെങ്കിലും തൊഴിലാളികൾ പിന്മാറുകയായിരുന്നു. ജൂണിൽ അധികമായി ലഭിച്ച ടൈഡ് ഓവർ അരി എടുക്കേണ്ട അവസാന തീയതി വെള്ളിയാഴ്ചയാണ്. വ്യാഴാഴ്ച പരിഹാരമാകാത്തതിനെ തുടർന്ന് റേഷൻ കടകളിലേക്ക് അരി വിതരണം നടത്താൻ കഴിയാത്ത അവസ്ഥയാണ്. വർഷങ്ങളായി ശമ്പളത്തിന് പുറമെ ചാക്കുകൾ എടുക്കുന്നതിന് കോൺട്രാക്ടർമാരിൽ നിന്ന് തൊഴിലാളികൾ അട്ടികൂലി വാങ്ങിയിരുന്നു.
എന്നാൽ എഫ്.സി.ഐയിൽ നിന്ന് നേരിട്ട് ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് അട്ടികൂലി നൽകരുതെന്ന് കേരള ഭക്ഷ്യ വകുപ്പ് സെക്രട്ടറിക്കും എഫ്.സി.ഐ ജനറൽ മാനേജർക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അതോടെ കഴക്കൂട്ടത്തെ എഫ്.സി.ഐ ഒഴികെയുള്ള സംസ്ഥാനത്തെ ഒൻപതോളം ഗോഡൗണുകളിൽ അട്ടികൂലി നിറുത്തലാക്കി. എന്നാൽ കഴക്കൂട്ടത്തെ ഗോഡൗണിൽ പുതിയ ടെൻഡർ നിലവിൽ വന്നപ്പോൾ അട്ടികൂലി എന്ന ഭാഗം കരാറിൽ നിന്നും ഒഴിവാക്കിയിരുന്നില്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് അട്ടി കൂലി നൽകാൻ കഴിയില്ലെന്ന് സർക്കാർ തൊഴിലാളി പ്രതിനിധികളെ അറിയിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ സമരം തുടങ്ങിയത്. ജില്ലാ സപ്ലൈ ഓഫിസർ ഉൾപ്പെടയുള്ളവർ തൊഴിലാളികളുമായി സംസാരിച്ചെങ്കിലും സമരത്തിൽ നിന്നും പിൻമാറാൻ അവർ തയ്യാറായില്ല. അതോടെയാണ് റേഷൻ കടകളിലേക്കുള്ള അരി വിതരണം തടസപ്പെട്ടത്.