kids

തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിചരിക്കുന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. ക്ഷമയോടെ, കനിവോടെ അവരെ പരിചരിക്കുന്നവർ ശമ്പളത്തിനായി കൈ നീട്ടുകയാണ്. വീട്ടിലെ കുഞ്ഞുങ്ങളുടെ വയറു നിറയ്ക്കണമെങ്കിൽ ഇനി സമരത്തിനിറങ്ങുകയേ വഴിയുള്ളൂവെന്ന് വിലപിക്കുകയാണിവർ. കഴിഞ്ഞവർഷം അഞ്ചുമാസത്തെ ശമ്പളം ലഭിച്ചെങ്കിൽ ഇക്കൊല്ലം ഇതുവരെ നയാപൈസ കിട്ടിയിട്ടില്ല. ബുദ്ധിമാന്ദ്യം, സെറിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയവ ബാധിച്ച കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ എൻ.ജി.ഒകൾക്ക് കീഴിലുള്ള 300ഓളം സ്പെഷ്യൽ സ്‌കൂളുകളിലെ അദ്ധ്യാപകർ അടക്കം 4,000ത്തോളം ജീവനക്കാരാണ് ദുരിതത്തിൽ.

മാസം 33,000 രൂപ സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പലർക്കും 6000 മുതൽ 15,000 വരെയാണ് ലഭിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ ഈ സ്‌കൂളുകൾക്ക് 40 കോടി രൂപ വകയിരുത്തിയതിൽ 22.5 കോടി രൂപയേ നൽകിയിരുന്നുള്ളൂ. കഴിഞ്ഞ മാർച്ചിൽ സമരത്തിനിറങ്ങിയപ്പോൾ 18.5 കോടി നൽകാമെന്ന് പറഞ്ഞെങ്കിലും നടപ്പിലായില്ല.

നിലവാരമനുസരിച്ച് സ്‌കൂളുകളെ ഗ്രേഡുകളാക്കി തിരിച്ച് മികച്ച ശമ്പളം എന്നായിരുന്നു സർക്കാർ വാഗ്ദാനം. പക്ഷേ, മാനദണ്ഡങ്ങൾ പാലിച്ച സ്കൂളുകൾ പോലും എ ഗ്രേഡിലില്ല. 250ഓളം സ്ഥാപനങ്ങൾ ഡി ഗ്രേഡിലാണ്. പഞ്ചായത്തുകൾക്ക് കീഴിലെ ബഡ്സ് സ്‌കൂൾ ജീവനക്കാർക്ക് മികച്ച ശമ്പളമുണ്ട്.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന

കുട്ടികൾക്കുള്ള സ്‌കൂൾ - 300

കുട്ടികളുടെ എണ്ണം - 25,000

അദ്ധ്യാപകരും ജീവനക്കാരും - 4,000

ലഭിക്കുന്ന ശമ്പളം - 6000 മുതൽ 15,000 (കയ്യിൽ കിട്ടുന്നത് തുച്ഛമായ തുക)

സർക്കാർ ശമ്പള വാഗ്ദാനം- 33,000 രൂപ

 വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെ പരിചരിക്കുന്നവർക്കുള്ള ശമ്പളമാണ് ചോദിക്കുന്നത്. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരം തുടങ്ങും.

ഫാ. റോയ് വടക്കേതിൽ,

ചെയർമാൻ,

അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ്

കഴിഞ്ഞ തവണ അനുവദിച്ച 40 കോടിയിൽ 22.5 കോടി നൽകിയിരുന്നു. ബാക്കി തുക അനുവദിച്ചു കിട്ടുന്ന മുറയ്‌ക്ക് നൽകും.

- മുഹമ്മദ് ഹനീഷ്, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്