
തിരുവനന്തപുരം: പനവിളയിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ളാറ്റിന്റെ സമീപത്തെ തൊഴിലാളികളുടെ വിശ്രമമുറിയുടെ ഒരു ഭാഗം തകർന്ന് കുഴിയിൽ വീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ഫ്ളാറ്റിന്റെ പിറകുവശത്ത് നിർമ്മാണ ആവശ്യങ്ങൾക്കായി 40 അടി താഴ്ചയുള്ള കുഴിയെടുത്തിരുന്നു. ഇതിന്റെ ഭിത്തിയോട് ചേർന്നാണ് തൊഴിലാളികൾക്കായി വിശ്രമമുറി നിർമ്മിച്ചിരുന്നത്. തലേ ദിവസത്തെ ശക്തമായ മഴയിൽ ഭിത്തിയുടെ മണ്ണ് ഒലിച്ചിറങ്ങിയിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതാവാം മണ്ണിടിച്ചിലിന് കാരണമെന്നാണ് നിഗമനം. മുറി ഉൾപ്പെടെ തകർന്ന് കുഴിയിൽ വീണ് അസാം സ്വദേശിയായ രാഹുൽ ബിശാസ് (23), പശ്ചിമബംഗാൾ സ്വദേശി ദിപാൻഗർ ബർമൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.10നായിരുന്നു സംഭവം.
സംഭവം ഇങ്ങനെ; 68 തൊഴിലാളികളാണ് ഇന്നലെ സ്വകാര്യ ഫ്ളാറ്റിന്റെ നിർമ്മാണത്തിനുണ്ടായിരുന്നത്. ഏഴ് നിലകളുള്ള ഫ്ളാറ്റിന്റെ പിറകുവശത്തായിരുന്നു തൊഴിലാളികൾക്കായി വിശ്രമമുറി നിർമ്മിച്ചിരുന്നത്. ഇവിടെയാണ് ഇവർ ഭക്ഷണം പാകം ചെയ്തിരുന്നതും. രാവിലെ മറ്റുള്ളവർ ഭക്ഷണം കഴിച്ച് പോയതിന് ശേഷമാണ് രാഹുലും ദിപാൻഗറും ഭക്ഷണം കഴിക്കാൻ മുറിയിലെത്തിയത്.
ആഹാരം കഴിച്ചു കൊണ്ടിരിക്കവേയാണ് ഇവർ ഇരുന്ന ഭാഗം ഇടിഞ്ഞ് കുഴിയിലേക്ക് പതിച്ചത്. വീണയുടൻ ചെറിയ പരിക്ക് പറ്റിയ ദിപാൻഗർ ബർമൻ കുഴിയിൽ നിന്ന് കയറി ബഹളംവച്ചു. എന്നാൽ രാഹുൽ മണ്ണിനടിയിൽ കുടുങ്ങിപ്പോയി.
സഹതൊഴിലാളികൾ ബഹളം വച്ച് നാട്ടുകാരെയും തുടർന്ന് ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് മണ്ണ് മാറ്റി രാഹുലിനെ പുറത്തെത്തിച്ചത്.
ചെങ്കൽച്ചൂളയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രാഹുലിന്റെ വലതു കൈ വീഴ്ചയിൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.ഇയാളുടെ തലയ്ക്കും കാലുകൾക്കും പരിക്കുണ്ട്. ദിപാൻഗർ ബർമന്റെ രണ്ട് കാലുകൾക്കും പരിക്കേറ്റു. രാഹുലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ദിപാൻഗറിനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സംഘം പരിശോധിച്ച് സുരക്ഷാ നടപടികൾക്ക് കമ്പനിക്ക് നോട്ടീസും നൽകും.