my

പഠനകാലത്തു തികഞ്ഞ യുക്തിവാദിയായിരുന്നു വിജയകുമാർ. എന്തും യുക്തിപൂർവം ചിന്തിച്ചേ വിശ്വസിക്കൂ. ധനകാര്യ സ്ഥാപനത്തിൽ ജോലിയായിട്ടും അതിന് മാറ്റമൊന്നും ഉണ്ടായില്ല. ഭാര്യ സുഷമ ഈശ്വരവിശ്വാസിയും വിപുലമായ സ്നേഹ - സൗഹൃദ ബന്ധങ്ങളുടെ രാജകുമാരിയും. വിവാഹം കഴിഞ്ഞ് വന്നശേഷം വീട്ടുമുറ്റത്തെ മാവിൻചുവട്ടിൽ നിന്ന് സുഷമ ഇടയ്ക്കിടെ വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത ഈണത്തിൽ ആലപിക്കും. ചില പ്രഭാതങ്ങളിൽ ഒന്നുരണ്ടു മാമ്പഴം മുറ്റത്തുവീണുകിടക്കും. ആരോ കൊണ്ടുചെന്ന് വച്ച പോലെ. ഏതോ നല്ല മനസുള്ള പൂർവികർ നട്ടതായിരിക്കണം. അല്ലെങ്കിൽ ഇത്ര മധുരം വരില്ല - സുഷമയുടെ വാക്കുകൾ കേട്ട് വിജയകുമാർ പുഞ്ചിരിക്കും. ഭാര്യയുടെ മാമ്പഴ സ്നേഹത്തെക്കുറിച്ച് ഉറ്റ സുഹൃത്തുക്കളോട് വിജയകുമാർ പറഞ്ഞിട്ടുണ്ട്. ജാതകത്തിൽ ജന്മവൃക്ഷം മാവായിരിക്കും എന്ന് ചിലർ കളിയാക്കും. വീണുകിട്ടുന്ന മാമ്പഴം പോലെയാണ് ജീവിതം. അത് കഷണങ്ങളാക്കി മറ്റുള്ളവരുമായി പങ്കിടുമ്പോഴാണ് മാമ്പഴത്തിന്റെ യഥാർത്ഥ മധുരമെന്ന് സുഷമ ഓർമ്മിപ്പിക്കും. ഒരിക്കൽ വൈദ്യുതി ലൈനിലേക്ക് നീണ്ട രണ്ടുമൂന്നു ചില്ലകൾ വെട്ടിമാറ്റിയപ്പോൾ വല്ലാതെ ദുഃഖിച്ചു. ഭർത്താവും മക്കളും അതിനെ കളിയാക്കി.

അകാലത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സുഷമ യാത്രയായപ്പോൾ ദുഃഖം പങ്കിടാനെത്തിയവർ ആ മാവിനെ നോക്കി നെടുവീർപ്പിട്ടു. തലേന്നു പെയ്ത കാറ്റിലും മഴയിലും പൊഴിഞ്ഞ ഉണ്ണിമാങ്ങകളും മാമ്പൂക്കളും ശോകമൂക ചിഹ്നങ്ങൾ പോലെ ശേഷിച്ചു. മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ഒരു മാമ്പഴം മുറ്റത്ത് ഒഴിഞ്ഞ ഒരു ഭാഗത്തുവീണു. ഒരു പാടും പോറലുമേൽക്കാത്ത മാമ്പഴം. ഈ മാവിലെ മാമ്പഴം അടത്തു പഴുപ്പിക്കാൻ വച്ചാൽ ഉള്ളതിന്റെ പത്തിരട്ടി മധുരമാണ്. താനേ വീണുകിട്ടുന്നതിന് എന്ന സുഷമയുടെ വാക്കുകൾ വിജയകുമാർ ഓർത്തുപോയി. പട്ടിൽ പൊതിഞ്ഞ അസ്ഥികലശത്തോട് വിജയകുമാർ ആ മാമ്പഴം ചേർത്തുവച്ചു. പരികർമ്മി അതിശയത്തോടെ അത് നോക്കി. ചിന്തകളുടെയും ദുഃഖത്തിന്റെ തുരുത്തിലായിരുന്ന വിജയകുമാർ അതേപ്പറ്റി ആരോടും സംസാരിച്ചില്ല.

സുഷമയുടെ വേർപാടിന്റെ ഒന്നാം വർഷത്തിൽ ഉറ്റവർ ഒത്തുകൂടിയപ്പോൾ മുറ്റത്തെ മാവ് ഒരു വർഷം കൊണ്ട് അകാല വാർദ്ധക്യം ബാധിച്ചപോലെ. മൂത്തമകൾ മാവിൻചുവട്ടിൽനിന്ന് അമ്മയ്ക്കിഷ്ടപ്പെട്ട വൈലോപ്പിള്ളിയുടെ മാമ്പഴം ഈണത്തിൽ ചൊല്ലി. കാറ്റ് വീശിയില്ലെങ്കിലും മാവിൻചില്ല അപ്പോൾ ഇളകിയപോലെ. കവിതാലാപനം കഴിഞ്ഞ് ആളുകൾ പിരിഞ്ഞുതുടങ്ങിയപ്പോൾ ചില്ലിട്ട് പൂമാല ചാർത്തിയ സുഷമയുടെ ചിത്രത്തിനരികിലേക്ക് ഒരു മാങ്ങയുരുണ്ടുരുണ്ട് വന്നു. അതിശയത്തോടെ വിജയകുമാർ മാവിന്റെ മുകളിലേക്ക് നോക്കി. ശൂന്യമാണ് ചില്ലകൾ. പരിസരത്തെങ്ങും മാവുമില്ല മാങ്ങയുമില്ല. നേർത്തൊരൊച്ചപോലുമില്ലാതെ അല്പം ചരിവുള്ള മുറ്റത്ത് കോഴിക്കുഞ്ഞ് നടന്നുവരും പോലെ വന്ന ആ മാങ്ങയെ നിറകണ്ണുകളോടെ വിജയകുമാർ നോക്കിനിന്നു. വ്യക്തികൾക്കും അതിശയങ്ങൾക്കുമപ്പുറം പ്രകൃതിയുടെ ഇടപെടലുകൾ അതിശയിപ്പിച്ചു. കുട്ടിക്കാലത്ത് മുത്തശ്ശി പാടാറുള്ള നാടൻപാട്ട് വീണ്ടും മാവിലും മനസിലും മുഴങ്ങുന്നപോലെ വിജയകുമാറിന് തോന്നി.

മോതിരത്തിന് കല്ലുവച്ച നുണ പറയാം കേൾക്കണേ

ഇടവഴിയിൽ കൂടിയൊരു കപ്പലു വന്നേഹേയ്

കപ്പലിൽ കേറി രണ്ടീച്ചചത്തേ

ഈച്ചയുടെ തോലുരിഞ്ഞ് ചെണ്ടപൊതിഞ്ഞേ

ശാസ്ത്രവും യുക്തിയും പങ്കിട്ടാലും തീരാത്ത അനുഭവങ്ങളുടെ മുഖച്ഛായയായിരുന്നു ആ മാമ്പഴത്തിന്.

ഫോൺ: 9946108220.