വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ സർക്കാർ ഓഫീസുകൾക്ക് മുകളിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ നടപടി അവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റിന് നിവേദനം നൽകി. വക്കം വില്ലേജ് ഓഫീസ്, വക്കം മൃഗാശുപത്രി തുടങ്ങിയവയുടെ കെട്ടിടങ്ങൾക്ക് ഭീതി പരത്തിട് നിരവധി മരങ്ങളാണ് നിൽക്കുന്നത്. മൃഗാശുപത്രിയുടെ കെട്ടിടത്തിന് സമീപത്തെ മരങ്ങൾ കെട്ടിടത്തിന് ബലക്ഷയം വരുത്തിക്കഴിഞ്ഞു. അടുത്തിടെ ഉദ്ഘാടനം ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ കാര്യവും മറിച്ചല്ല. മഴയും കാറ്റും വന്നാൽ ഭീതിയോടെയാണ് ജീവനക്കാർ കഴിയുന്നത്. ഈ സാഹചര്യത്തിൽ മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ ദത്താണ് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയത്.