road

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ ഊരൂട്ടുകാല വാർഡിലെ ഊരൂട്ടുകാല-പനയറത്തല റോഡിലൂടെയുള്ള വാഹനയാത്രയിൽ പൊറുതിമുട്ടി പ്രദേശവാസികൾ. ഊരുട്ടുകാല ജി.ആർ സ്കൂളിന് സമീപത്തു നിന്ന് ഖാദിബോർ‌ഡ് റോഡ് വഴി പനയറത്തല ഏലായിലൂടെ ദേശീയപാതയിലെത്തിച്ചേരുന്ന ഒന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ പനയറത്തല ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്ര പോലും ബുദ്ധിമുട്ടുന്നത്. പ്രദേശത്തെ വീടുപണികൾക്കടക്കമുള്ള വലിയ ലോറികളുടെ യാത്രയും കൂടിയായതോടെയാണ് റോഡ് ഇത്തരത്തിൽ തകരാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. മഴക്കാലമായതോടെ യാത്രാദുരിതവും ഇരട്ടിച്ചു.

ഒരു വർഷം മുമ്പ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 10 ലക്ഷം രൂപ റോഡ് പുനഃരുദ്ധാരണത്തിന് അനുവദിച്ചത്. ഇതിൽ നിന്ന് ഊരൂട്ടുകാല മുതൽ ഖാദിബോ‌ർഡ് റോഡിന് സമീപം വരെയുളള ഒരു കിലോമീറ്ററോളം ദൂരം ടാർ ചെയ്ത് നവീകരിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്ത കാരണം തുടർന്ന് പനയറത്തല വഴി ദേശീയപാതയിലെത്തിച്ചേരുന്ന 500 മീറ്ററോളം ഭാഗം നവീകരിച്ചില്ല. ഇവിടമാണ് പൊട്ടിപ്പൊളിഞ്ഞ് നാശമായിട്ടുള്ളത്. ഏലായ്ക്ക് സമീപത്ത് കൂടി കടന്നുപോകുന്നതിനാൽ ചെറിയ മഴയത്തുപോലും റോഡിൽ വെള്ളം കെട്ടിനിൽക്കുക പതിവാണ്. ദിവസങ്ങളോളം എടുത്താണ് വെളളം താഴുന്നത്. നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിൽ നിന്നും ഊരൂട്ടുകാല, കൊടങ്ങാവിള എന്നിവിടങ്ങളിലേക്കും തിരിച്ചും യാത്രചെയ്യാൻ ഈ ഭാഗത്ത് താമസിക്കുന്ന 200ഓളം വീട്ടുകാർ പ്രധാനമായും ആശ്രയിക്കുന്ന ഏക റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ഇത്തരത്തിലായിട്ടുള്ളത്. റോഡിലൂടെയുളള യാത്രാദുരിതം ഇരട്ടിച്ചതോടെ ഇപ്പോൾ പ്രദേശവാസികൾ ഇരട്ടിയിലേറെ ദൂരം ചുറ്റി മൂന്നുകല്ലിൻമൂട് റോഡ് വഴി ദേശീയപാതയിൽ പ്രവേശിച്ചാണ് യാത്ര ചെയ്യുന്നത്.

ടാറെല്ലാം പൊട്ടിപ്പൊളിഞ്ഞ് റോഡ് മുഴുവൻ കുഴി രൂപപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാത്ത അധികൃതർക്കെതിരെ പ്രദേശവാസികൾക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രദേശവാസികൾക്ക് ഊരൂട്ടുകാല ഗവ, സ്കൂൾ, ഡോ.ജി.ആർ പബ്ലിക് സ്കൂൾ, നെയ്യാറ്റിൻകരയിലെ ഡ്രൈവിംഗ് സ്കൂൾ പരിശീലന കേന്ദ്രം, ഊരൂട്ടുകാല ഭദ്രകാളി ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള റോഡാണ് ഇപ്പോൾ കാൽനട യാത്ര പോലും ദുഃസഹമായി മാറിയിട്ടുള്ളത്.

മുമ്പ് സ്കൂൾ വാഹനങ്ങളടക്കം ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന റോഡ് ഇപ്പോൾ ചെളിക്കളമായതോടെ ദേശീയപാത ചുറ്റിയാണ് യാത്ര. ഊരൂട്ടുകാല മുതൽ മൂന്നുകല്ലിൻമൂട് വരെയുളള റോഡും തകർന്ന് കുണ്ടും കുഴിയും രൂപപ്പെട്ട് കിടക്കുന്നതിനാൽ അതും യാത്രാദുരിതം കൂട്ടുകയാണ്. പ്രദേശത്തെ സ്കൂൾ കുട്ടികളടക്കമുള്ള യാത്രക്കാരുടെ ഏക ആശ്രയമായ ഊരൂട്ടുകാല-പനയറത്തല റോഡിന്റെ ബാക്കിയുള്ള ഭാഗം നവീകരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.