തിരുവനന്തപുരം: വായനയ്ക്കു വേണ്ടി, കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കു വേണ്ടി, ഭാവിക്കു വേണ്ടി അർപ്പിച്ച ജീവിതമായിരുന്നു പി.എൻ.പണിക്കരുടേതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 19 മുതൽ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പി.എൻ.പണിക്കർ അനുസ്മരണ, 26-ാം ദേശീയ വായനാദിനാഘോഷങ്ങളുടെ ഭാഗമായുള്ള വായനാദിനം- വിളംബര ഘോഷയാത്ര പുസ്തക എഴുന്നള്ളിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.പുസ്തക എഴുന്നള്ളിപ്പ് വായനയുടെ മഹത്വം മനസിലാക്കാൻ ഏറെ പ്രയോജനം ചെയ്യുമെന്നും എല്ലാ രീതിയിലും സംരക്ഷിക്കേണ്ട മഹത്തായ തത്വസംഹിതയാണ് ഇന്ത്യൻ ഭരണഘടനയെന്നും എഴുന്നള്ളിപ്പിനായി ഇന്ത്യൻ ഭരണഘടന തിരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.പൂജപ്പുര പി.എൻ പണിക്കർ പ്രതിമയ്ക്കു മുന്നിൽ നടന്ന ആനപ്പുറത്തെഴുന്നള്ളത്ത് ചടങ്ങിന് കവി പ്രൊഫ.വി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ ജോർജ് ഓണക്കൂർ മുഖ്യാതിഥിയായി.എം.ആർ.തമ്പാൻ,വി.എസ്.ഹരീന്ദ്രനാഥ്,എൻ.എസ്.സുമേഷ്,ക്യാപ്ടൻ രാജീവ് നായർ,കാരയ്ക്കാമണ്ഡപം വിജയകുമാർ,പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ,ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി മഹേഷ് മാണിക്കം തുടങ്ങിയവർ പങ്കെടുത്തു. പബ്ളിക് ലൈബ്രറിക്കു മുന്നിൽ എഴുന്നള്ളിപ്പ് അവസാനിച്ചു.