പാലോട്: തീരദേശ വിനോദസഞ്ചാര കേന്ദ്രമായ വർക്കലയേയും പൊന്മുടി ഹൈറേഞ്ച് ടൂറിസത്തെയും ബന്ധിപ്പിക്കുന്ന വിനോദസഞ്ചാരത്തിന് ചെല്ലഞ്ചിപ്പാലത്തിൽ ഇടത്താവളമാകും. വർക്കല ബീച്ചിൽ നിന്നും നെടുമങ്ങാട് വഴി നേരിട്ട് ആറ്റിങ്ങൽ - വെഞ്ഞാറമൂട് - നന്ദിയോട് - വിതുര വഴി അനായാസം പൊന്മുടിയിലേക്ക് എത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. പൊന്മുടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഒരു ഇടത്താവളമെന്ന നിലയിൽ ചെല്ലഞ്ചിപ്പാലത്തിനെ വികസിപ്പിക്കാനൊരുങ്ങുകയാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത്. വാമനപുരം നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം പറഞ്ഞു. നന്ദിയോട് - കല്ലറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാമനപുരം നദിക്ക് കുറുകെ 148.25 മീറ്റർ നീളത്തിൽ പണിതിരിക്കുന്ന പാലം കാണാൻ ഇതിനോടകം തന്നെ നിരവധി സഞ്ചാരികൾ എത്താറുണ്ട്. പാലത്തിൽ നിന്നും നദിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്കുള്ള ഇരിപ്പിടങ്ങളും കുട്ടികൾക്കുള്ള കളിസ്ഥലവും പാർക്കും ഉടൻ തന്നെ നിർമ്മിക്കും. നദിയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പാലത്തിന് മുകളിൽ ഫെൻസിംഗുകളും സ്ഥാപിക്കും. നിരീക്ഷണത്തിനായി സിസി.ടി.വി ക്യാമറ സംവിധാനവും സഞ്ചാരികൾക്ക് വേണ്ടി കഫിറ്റീരിയയും ഒരുക്കും. ബ്ലോക്ക് പഞ്ചായത്തിലെ നദിയൊഴുകുന്ന പ്രദേശങ്ങളിൽ നദീ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്കരണ നാടകങ്ങൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. പാലത്തിന് ഇരുവശത്തുമുള്ള റോഡ് ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിനായി 28.69 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മുതുവിള - ചെല്ലഞ്ചി - കുടവനാട് റോഡിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു.