
ബാലരാമപുരം: കേരളത്തിലെ മാദ്ധ്യമപ്രവർത്തകർക്ക് സർക്കാർ കൂച്ച് വിലങ്ങിടുകയാണെന്നും ശ്വാസമുണ്ടാകില്ല തനിക്ക് ഇനി പത്രപ്രവർത്തനം നടത്താനെന്ന് മുഖ്യമന്ത്രിയുടെ സഹോദരപുത്രൻ ഭീഷണിപ്പെടുത്തിയിട്ടും കേരളത്തിലെ ഒരു പത്രപ്രവർത്തക യൂണിയനും പ്രതിഷേധവുമായി മുഖ്യധാരയിലേക്ക് ഇറങ്ങിയില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.മോദിസർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളി കുടുംബങ്ങളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ പിണറായി സർക്കാർ അടിച്ചമർത്തുന്നതിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.രഘുനാഥ്, പി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, മീഡിയ സെൽ ജില്ലാ കൺവീനർ ആർ.എസ്.സമ്പത്ത്, സംസ്ഥാനസമിതിയംഗം സിമി ജ്യോതിഷ്, മണ്ഡലം പ്രസിഡന്റ് അഡ്വ. സുനീഷ്, ജനറൽ സെക്രട്ടറി വിനു, നിതിൻ. മണ്ഡലം ഭാരവാഹികളായ എം.എസ്.ഷിബുകുമാർ, ശ്രീകണ്ഠൻ, പുന്നക്കാട് ബിജു, പാറക്കുഴി അജി, ഊറ്ററ അനീഷ്, ആറാലുംമൂട് ഷാജി, രെജു ഐത്തിയൂർ എന്നിവർ പങ്കെടുത്തു.
കൈത്തറിത്തൊഴിലാളികളെ
സർക്കാർ അവഗണിക്കുന്നു
കേന്ദ്രാനൂകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം ബാലരാമപുരം കൈത്തറിമേഖല വംശനാശഭീഷണി നേരിടുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി ബാലരാമപുരത്തെ പരമ്പരാഗത കൈത്തറിത്തൊഴിലാളികളായ ഒറ്റത്തെരുവിൽ കാവേരി ഇല്ലത്തിൽ കെ.എ. സുബ്രമണ്യൻ, ഇരട്ടത്തെരുവിൽ എ.അമൃതം, എം.എ സുബ്രമണ്യൻ, പാവുചുറ്റ്ത്തൊഴിലാളി താണുമാലയൻ, നെയ്‌ത്ത് തൊഴിലാളികളായ സരസ്വതി, മാധവൻ,സെൽവരാജ് എന്നിവരെ അദ്ദേഹം നേരിൽ സന്ദർശിച്ചു.