
വിഴിഞ്ഞം: ചൊവ്വരയിൽ വൈദ്യുതാഘാതമേറ്റ് അച്‌ഛനും മകനും മരിച്ച വീട് മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. ചൊവ്വര സോമതീരം റോഡിൽ പുതുവൽ പുത്തൻ വീട്ടിൽ അപ്പുക്കുട്ടൻ (65) മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. കരിക്ക് ഇടുമ്പോൾ ഇരുമ്പു തോട്ടി 11 കെ.വി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റായിരുന്നു അപകടം.മരണപ്പെട്ട അപ്പുക്കുട്ടന്റെ ഭാര്യ സരസം, മക്കളായ റെജി, ജിജി എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു.ഇന്നലെ ഉച്ചയോടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. മന്ത്രി വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്‌ണൻ കുട്ടിയുമായും ജില്ലാ കളക്ടടറുമായും ഫോണിൽ സംസാരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് പരമാവധി സഹായം നൽകാൻ ശ്രമിക്കണമെന്ന് മന്ത്രി കളക്ടറോട് നിർദേശിച്ചു. നെയ്യാറ്റിൻകര തഹസിൽദാർ വഴി റിപ്പോർട്ട് വാങ്ങാമെന്നും ശേഷം സാധിക്കുന്ന രീതിയിലുള്ള സഹായങ്ങൾ ലഭ്യമാക്കാമെന്നും ഉറപ്പു നൽകി. എല്ലാ സഹായത്തിനും താൻ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സി.പി.എം കോവളം ഏരിയ സെക്രട്ടറി പി. എസ്. ഹരികുമാർ, ഏരിയ കമ്മിറ്റി അംഗം കെ. എസ്. സജി, കോട്ടുകാൽ ലോക്കൽ സെക്രട്ടറി എൻ. ബിനുകുമാർ, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ്, വാർഡ് മെമ്പർ ദീപു എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.