
വെള്ളറട: കുടിവെള്ള വിതരണം നടത്താൻ പൈപ്പ് ലൈൻ സ്ഥാപിക്കാനായി എടുക്കുന്ന കുഴികൾ ശരിയായ രീതിയിൽ മൂടുന്നില്ലെന്ന് പരാതി. ഇത് റോഡുകളുടെ തകർച്ചയ്ക്കും അപകടങ്ങൾക്കും കാരണമാകുന്നതായി വ്യാപകമായ പരാതിയുണ്ട്. മലയോര ഗ്രാമങ്ങളിൽ ഇപ്പോൾ ജലജീവൻ പദ്ധതി നടപ്പിലാക്കാൻ വേണ്ടി റോഡിന്റെ സൈഡുകളിൽ കുഴിച്ചാണ് പൈപ്പ് ലൈൻ ഇടുന്നത്. ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച ശേഷം ജെ.സി.ബി കൊണ്ടുതന്നെ കുഴികളിൽ മണ്ണും നീക്കിയിടുകയാണ് പതിവ്. എന്നാൽ പൂർണ്ണമായും ഈ കുഴികൾ മൂടാത്തതുകാരണം റോഡിന്റെ വശങ്ങൾ തകരുന്നു. റോഡ് ക്രോസ് ചെയ്യ്ത് കുഴിക്കുമ്പോൾ എടുക്കുന്ന കുഴികൾ ജലവിതരണം വകുപ്പുതന്നെ കോൺഗ്രീറ്റ് ചെയ്ത് അടയ്ക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. ഈ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീണ് അപകടങ്ങളും പതിവായിരിക്കുകയാണ്. പഴയ പൈപ്പുകൾ പൊട്ടി റോഡുകൾ തകരുന്നത് നിത്യ സംഭവമാണ്. മിക്കസ്ഥലങ്ങളിലും കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി റോഡുകൾ തകരുന്നുണ്ട്. പൊതു മരാമത്ത് വകുപ്പ് അധികൃതർ കാര്യമായി ഇടപെട്ടാൽ മാത്രമേ റോഡുകളുടെ സൈഡുകളിലെ കുഴികൾ അടയ്ക്കാൻ കഴിയുകയുള്ളുവെന്ന അവസ്ഥയാണ്.