
കിളിമാനൂർ: മൂന്നുമാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ തട്ടത്തുമല ഹയർസെക്കൻഡറി സ്‌കൂളിന്റെ സുരക്ഷാ മതിൽ തകർന്നു. ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ ഉപയോഗിച്ചാണ് സുരക്ഷാമതിൽ നിർമ്മിച്ചത്. കഴിഞ്ഞ ഭരണസമിതി തുക അനുവദിച്ച് പണി ആരംഭിച്ചെങ്കിലും പകുതിയിൽ ജോലികൾ തടസപ്പെട്ടിരുന്നു.
തുടർന്ന് നിലവിലെ ജില്ലാപഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റെടുത്തശേഷമാണ് ജോലികൾ പുനരാരംഭിച്ച് മൂന്നുമാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിനുശേഷം മതിലിൽ വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിർമ്മാണത്തിലെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ പണം നൽകാവൂ എന്നറിയിച്ചുകൊണ്ട് ജില്ലാപഞ്ചായത്ത് മെമ്പർ ജി.ജി. ഗിരികൃഷ്‌ണൻ ജില്ലാപഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് ഒരു മാസം മുമ്പ് കത്ത് നൽകിയിരുന്നു.
അതിനാൽ കരാറുകാരന് ബില്ല് മാറി തുക നൽകിയിട്ടില്ല. ഈ തുകയും ആവശ്യമെങ്കിൽ അധികം തുകയും അനുവദിച്ച് എത്രയും വേഗം കുറ്റമറ്റ രീതിയിൽ സുരക്ഷാമതിൽ പുനഃസ്ഥാപിക്കുമെന്ന് ജില്ലാപഞ്ചായത്ത് മെമ്പർ ജി.ജി. ഗിരികൃഷ്‌ണൻ അറിയിച്ചു.