1

തിരുവനന്തപുരം: അപകടം കൺമുന്നിലുണ്ടായിട്ടും ജാഗ്രതയോടെ ഇടപെട്ടാണ് ഫയർഫോഴ്സ് രാഹുലിനെ മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. പനവിളയിൽ നിർമാണത്തിലിരിക്കുന്ന ഫ്ളാറ്റിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ താത്കാലിക ഷെഡും അടുക്കളയും തകർന്ന് മണ്ണിനടിയിൽ കുടങ്ങിപ്പോയ രാഹുലിനെ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സ് രക്ഷിച്ചത്.

മണ്ണിനടിയിൽപ്പെട്ട രാഹുൽ ഇടയ്ക്കിടെ അലറിക്കരഞ്ഞു. അപകടത്തിൽപ്പെട്ട്‌ കിടക്കുന്ന ദൃശ്യങ്ങൾ പകർത്തല്ലേയെന്നും ദൃശ്യങ്ങൾ നാട്ടിലുള്ള അമ്മ കാണുമെന്നും അവർ സങ്കടപ്പെടുമെന്നും ഫയർഫോഴ്സ് സംഘത്തോട് രാഹുൽ പറഞ്ഞു. രാവിലെ 10.30ന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഉച്ചയ്‌ക്ക് 12നാണ് രാഹുലിനെ പുറത്തെത്തിച്ചത്.

രാഹുലും ഒപ്പമുണ്ടായിരുന്ന ദീപാങ്കറും നിന്നിരുന്ന സ്ഥലത്തെ മണ്ണിടിഞ്ഞ്‌ വൻ താഴ്‌ചയിലേക്കാണ്‌ നിലംപതിച്ചത്‌. അവർ നേരത്തെ നിന്നിരുന്ന ശേഷിക്കുന്ന ഭാഗത്ത്‌ വലിയ ജനറേറ്റർ ഉൾപ്പെടെയുണ്ടായിരുന്നു. 68 തൊഴിലാളികളാണ്‌ സംഭവ സമയം അവിടെയുണ്ടായിരുന്നത്‌. ഉപകരണങ്ങൾ ഉപയോഗിച്ചാൽ വീണ്ടും മണ്ണിടിയുന്ന സ്ഥിതിയായിരുന്നു. മണ്ണ്‌ ഉൾപ്പെടെ കൈ കൊണ്ടാണ് നീക്കിയത്.

‘‘ഞങ്ങളെത്തുമ്പോൾ രാഹുലിന്റെ അരയ്‌ക്ക്‌ മുകളിലുള്ള ഭാഗം മാത്രമേ പുറത്തുണ്ടായിരുന്നുള്ളൂ. ശേഷിക്കുന്ന ഭാഗം കോൺക്രീറ്റിനും മണ്ണിനും ഉള്ളിലായിരുന്നു. വലതുകൈ ഒടിഞ്ഞ്‌ തൂങ്ങിയ നിലയിൽ വേദനയിൽ പുളയുകയായിരുന്നു അയാൾ. ഒടുവിൽ ഞങ്ങൾക്ക്‌ അയാളെ രക്ഷപ്പെടുത്താൻ പറ്റി '' ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ എസ്‌. ഷെമീറും സഹപ്രവർത്തകരും പറഞ്ഞു. നാട്ടുകാരും പൊലീസും സ്ഥലത്തുണ്ടായിരുന്നെങ്കിലും മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ അവർക്ക് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുക്കാൻ സാധിച്ചില്ല. ചെളിപുരണ്ട യൂണിഫോമുമായി കരയിൽ കയറിയ ഫയർഫോഴ്സ് സംഘത്തെ നാട്ടുകാരും അഭിനന്ദിച്ചു. റീജിയണൽ ഫയർ ഓഫീസർ ദീലിപൻ,​ ജില്ലാ ഫയർ ഓഫീസർ സൂരജ് സ്റ്റേഷൻ ഓഫീസർ സജിത്ത്, നിധിൻരാജ്,​ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) രാജശേഖരൻ നായർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ അൻഷാദ്, അരുൺ കുമാർ, അനു, വിഷ്ണു നാരായണൻ ഷെമീർ, വിജിൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.