പാറശാല: സിവിൽ പൊലീസ് ഓഫീസർ സജിയുടെ അസ്വാഭാവിക മരണത്തിന് ഉത്തരവാദിയായ നെയ്യാറ്റിൻകര സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ജില്ലാ രൂപീകരണ സമിതി പാറശാല മണ്ഡലം സമിതി സമ്മേളനം ആവശ്യപ്പെട്ടു. ധനുവച്ചപുരം ക്ഷീര സഹകരണ ഹാളിൽ നടന്ന സമ്മേളനം കുന്നത്തുകാൽ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഭുവനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജെടുത്തതിനെ തുടർന്ന് നാല് മാസങ്ങളായി ഉണ്ടായ സമ്മർദ്ദങ്ങളെ തുടർന്നുള്ള മാനസിക പീഡനമാണ് സജിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ. സജിയുടെ അസ്വാഭാവിക മരണത്തിന് ഉത്തരവാദിയായ സ്റ്റേഷൻഹൗസ് ഓഫീസറെ മാറ്റി നിറുത്തി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം സമിതി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു. നെയ്യാറ്റിൻകര ജയചന്ദ്രൻ, ധനു വച്ചപുരം സുകുമാരൻ, ധനുവച്ചപുരം പരമേശ്വരൻ, എൽ.ആർ.സുദർശന കുമാർ, അമരവിള സതീദേവി, കാരോട് പത്മകുമാർ, കൊറ്റാമം ശോഭനദാസ്,ജോസഫ് എന്നിവർ സംസാരിച്ചു.