cable

തിരുവനന്തപുരം :ബി.എസ്.എൻ.എല്ലിന്റെ 10ലക്ഷം രൂപ വില വരുന്ന ചെമ്പ് കേബിളുകൾ നഗരത്തിൽ നിന്നും മുറിച്ചു കടത്തിയ സംഘത്തിലെ അഞ്ചു പേർ റിലയൻസിന്റെ കേബിളുകൾ മുറിക്കുന്നതിനിടെ തമ്പാനൂർ പൊലീസിന്റെ പിടിയിലായി.അതിയന്നൂർ കല്ലുംമൂട് ജയലക്ഷ്മി നിവാസിൽ നന്ദകുമാർ (24),സന്തോഷ് (42),തിരുമല മങ്കാട് ടിസി 8/491ചർച്ച് വ്യൂ ഹൗസിൽ വിഷ്ണുരാജ് (30), അതിയന്നൂർ നെല്ലിമൂട് തേരിവിള വീട്ടിൽ അനീഷ് (23), നെയ്യാറ്റിൻകര പാറോട്ടുകോണം മാമ്പള്ളി വീട്ടിൽ അലക്‌സ് (28) എന്നിവരാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റിലായത്.
ചാല,പവർഹൗസ് പ്രദേശത്ത് കേബിൾ മോഷണം പതിവായതോടെ തമ്പാനൂർ പൊലീസ് നടത്തിയ രാത്രി പട്രോളിംഗിനിടെ ഓൺ ടെലികോം ഡ്യൂട്ടി എന്ന സ്റ്റിക്കർ പതിച്ച വാഹനവും കേബിൾ മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി.പവർഹൗസ് റോഡിന് സമീപത്തെ പോസ്റ്റിൽ ഏണി ചാരി കേബിൾ മുറിച്ച് വാഹനത്തിലേക്കു മാറ്റുന്നതു കണ്ട് സംശയം തോന്നി ചോദ്യം ചെയ്‌തപ്പോഴാണ് മോഷണശ്രമം വ്യക്തമായത്.സാധാരണ ജീവനക്കാർ ധരിക്കുന്ന റിഫ്‌ളെക്ടർ കോട്ടും മോഷ്ടാക്കൾ ധരിച്ചിരുന്നു.പൂട്ടിപ്പോയ കമ്പനിയുടെ കേബിളുകൾ അനധികൃതമായി മുറിച്ചെടുത്ത് തമിഴ്നാട്ടിലേക്കു കടത്തുന്നതാണ് സംഘത്തിന്റെ രീതി.അതിനാൽ ആരും പരാതിപ്പെട്ടില്ല.എന്നാൽ ബി.എസ്.എൻ.എല്ലിന്റെ കേബിളുകൾ കൂടി മുറിച്ചതോടെയാണ് പൊലീസിന് പരാതി ലഭിച്ചത്.

ചാല കമ്പോളത്തിലെ ലാൻഡ്‌ഫോൺ,ബ്രോഡ്ബാൻഡ് കണക്ഷനുകളെല്ലാം ബി.എസ്.എൻ.എല്ലിന്റെ ഈ കേബിൾ ശൃംഖലയെ ആശ്രയിച്ചായതിനാൽ കേബിൾ മുറിച്ചതോടെ നൂറുകണക്കിന് കണക്ഷനുകൾ നിശ്ചലമായി.ഇതോടെ ബി.എസ്.എൻ.എല്ലിൽ ചാലപ്രദേശത്തുള്ള ഉപഭോക്താക്കളുടെ പരാതിപ്രളയമായിരുന്നു.