road

കാട്ടാക്കട: മഴ ശക്തമായതോടെ ഏറെ കഷ്ടപ്പെടുന്നത് ഗ്രാമീണ റോഡുകളെ ആശ്രയിച്ച് യാത്രചെയ്യുന്നവരാണ്. കുണ്ടും കുഴിയും നിറ‌ഞ്ഞ റോഡുകളിൽ പലതിലും വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ കുഴിയേത് റോഡേതെന്ന് അറിയാൻ വയ്യാത്ത അവസ്ഥ. ഈ ഗതിയിലാണ് പേഴുംമൂട്-പന്നിയോട്-കാട്ടാക്കട റോഡും. പലയിടങ്ങളിലും റോഡിൽ വലിയ കുഴികൾ വീണ് വെള്ളംകെട്ടി നിൽക്കുകയാണ്. ഇതുവഴി യാത്രപോലും ദുഷ്കരമാണ്. പേഴുമൂട് മുതൽ വീരണകാവ് വരെ അഞ്ച് കിലോമീറ്റർ ദൂരമാണ് ഈ റോഡിനുള്ളത്. പത്ത് വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയ റോഡിൽ പിന്നീട് അറ്റകുറ്റപ്പണികളൊന്നുംതന്നെ നാളിതുവരെ നടത്തിയിട്ടില്ല.

റോഡിന്റെ മിക്കയിടങ്ങളിലും ഓടകൾ സ്ഥാപിക്കാത്തതാണ് റോഡ് തകർച്ചയ്ക്ക് പ്രധാന കാരണം. മഴവെള്ളം ഒഴുകിപ്പോകാനാകാതെ വെള്ളം കെട്ടിനിന്ന് റോഡ് തകരും. സ്കൂൾ തുറന്നതോടെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി സ്കൂൾ- കോളേജ് ബസുകളാണ് ഈ വഴിയെ ആശ്രയിക്കുന്നത്. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാരും കാൽനട യാത്രക്കാരും അപകടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

പേഴുംമൂട്, മാമ്പള്ളി, പന്നിയോട്, കല്ലാമം, പട്ടകുളം, പള്ളിനട പ്രദേശങ്ങളിലെ റോഡും തകർന്ന് കിടക്കുകയാണ്.

അപകടങ്ങൾ നിത്യസംഭവമാകുമ്പോഴും റോഡിലെ കുഴിയിൽ വീണ് വാഹനത്തിന് കേടുപാടുകൾ പറ്റുന്ന സംഭവവും ഇവിടെ ദിനവും നടക്കുന്നുണ്ട്. റോഡിലെ വലിയ കുഴികളിൽ യാത്ര ദുഷ്ക്കരമായതോടെ വിവിധ ഡിപ്പോകളിൽ നിന്നും പന്നിയോട് വഴി ഉണ്ടായിരുന്ന സർവ്വീസുകളും വെട്ടിച്ചുരുക്കി. ഇത്രയുമായിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കേണ്ട പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതു പ്രവർത്തകരും ഇതൊന്നും കണ്ട മട്ടില്ല. ഓരോ അപകടങ്ങൾ നടക്കുമ്പോഴും ബന്ധപ്പെട്ടവരോട് പരാതി പറയാറുണ്ടെങ്കിലും നടപടിമാത്രമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.