
തിരുവനന്തപുരം കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും അഞ്ചിനു മുമ്പായി നൽകുക, സ്വിഫ്റ്റ് കമ്പനി പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ ജൂൺ 6ന് തുടങ്ങിയ അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം 13 മുതൽ റിലെ നിരാഹാര സത്യാഗ്രഹമെന്ന രണ്ടാംഘട്ടത്തിലേക്ക് കടക്കും. ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയന്റെയും ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്സ് യൂണിയന്റെയും ജനറൽ സെക്രട്ടറിമാരായ ആർ.ശശിധരനും ടി. സോണിയും രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയ സമരത്തിൽ പങ്കെടുക്കുമെന്ന് ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. വി. എസ്. ശിവകുമാർ,എം. വിൻസന്റ് എംഎൽഎ ഉൾപ്പെടെ പ്രമുഖ യുഡിഎഫ്,ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. ഇടതുസർക്കാർ 2016 ൽ അധികാരത്തിലെത്തിയതുമുതൽ കെ.എസ്.ആർ.ടിസിയെ തകർക്കുകയും ട്രാൻസ്‌പോർട്ട് തൊഴിലാളികളെ നിരന്തരം പീഡിപ്പിക്കുകയും ഈ പൊതുമേഖല സ്ഥാപനത്തെ ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കുകയുമാണ് ചെയ്യുന്നത്. മുഖ്യമന്ത്രി അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപ്പെട്ട് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തമ്പാനൂർ രവി മുഖ്യമന്ത്രിക്ക് കത്ത് നൽകി.