കിളിമാനൂർ: തട്ടത്തുമല സ്കൂളിലെ തകർന്നുവീണ സംരക്ഷിണഭിത്തി പൂർണമായും പൊളിച്ച് പുഃനർനിർമ്മിക്കണമെന്ന് അടിയന്തര പി.ടി.എ യോഗം ആവശ്യപ്പെട്ടു. അവശേഷിക്കുന്നഭിത്തിയും അപകടാവസ്ഥയിലാണ്. കുട്ടികളുടെയും കാൽനടയാത്രക്കാരുടെയും റോഡ് യാത്രക്കാരുടെയും ജീവനു ഭീഷണിയായി നിൽക്കുന്ന ബാക്കിഭിത്തി എത്രയും വേഗം പൊളിച്ചു നീക്കണം. പുനഃർനിർമ്മാണം വേഗത്തിലാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊള്ളണമെന്നും യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

ഭിത്തി നിർമ്മാണത്തിലെ പിഴവുകൾ നിർമ്മാണ ഘട്ടത്തിൽത്തന്നെ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്കൂളിൽ നിന്ന് കത്തു നൽകുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ഡി.പി.ഐയിലെ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലസന്ദർശനം നടത്തിയതിന്റെ നാലാം നാളാണ് കനത്ത മഴയെത്തുടർന്ന് ഭിത്തി തകർന്നു വീണത്. സംരക്ഷണ ഭിത്തിയുടെ അപകടാവസ്ഥ പരിഗണിച്ച് ഇന്ന് സ്കൂൾ അവധിയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.