1

തിരുവനന്തപുരം: ചലച്ചിത്ര, നാടക നടൻ ഡി. ഫിലിപ്പ് (79) അന്തരിച്ചു. തിരുവനന്തപുരം പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. പ്രമേഹസംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഫിലിപ്പ് ഡാനിയലിന്റേയും അന്നമ്മയുടേയും മകനാണ്. ഭാര്യ: പരേതയായ ലീലാമ്മ ഫിലിപ്പ്. മകൾ: അന്ന ( ദുബായ്)​, പ്രിയ (ദുബായ് എയർപോർട്ട്)​ മരുമക്കൾ.ഡേവിസ് എബ്രഹാം (ദുബായ് എയർപോർട്ട്)​ സംസ്‌കാരം പിന്നീട്. തിരുവല്ല സ്വദേശിയ അദ്ദേഹം

15 വർഷമായി തിരുവനന്തപുരം കുടപ്പനകുന്ന് പാതിരാപ്പള്ളി ബഥേലിലാണ് താമസം.

കെ.പി.എ.സിയിലെയും കാളിദാസ കലാകേന്ദ്രത്തിലെയും പ്രധാന നടനായിരുന്നു.

കോട്ടയം കുഞ്ഞച്ചൻ, വെട്ടം, അർത്ഥം, പഴശിരാജ, സ്റ്റാലിൻ ശിവദാസ്, ഒന്നാമൻ, എഴുപുന്ന തരകൻ, ടൈം തുടങ്ങി അൻപതിലേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. 1981 കെ.ജി.ജോർജിന്റെ 'കോലങ്ങൾ" എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് അദ്ദേഹത്തിന്റെ സിനിമാപ്രവേശം. ഈ ചിത്രത്തിൽ തന്നെയാണ് ഇദ്ദേഹം ആദ്യമായി അഭിനയിച്ചതും. തിരുവല്ല മാർത്തോമ കോളേജിലെ പഠനം വഴിത്തിരിവായി. പി.ജെ. ആന്റണിയുടെ ശിഷ്യനായി നാഷണൽ തിയേറ്റേഴ്സിൽ അഭിനേതാവായാണ് കലാരംഗത്തേക്ക് എത്തുന്നത്. കെ.പി.എ.സി,​ ചങ്ങാനാശ്ശേരി ഗീഥ തുടങ്ങിയ സമിതികളിലും പ്രധാന നടനായി തിളങ്ങി. പിന്നീട് ഗൾഫിൽ ജോലി ചെയ്‌തു.
ഇവിടുന്ന് മടങ്ങിയെത്തിയ ശേഷം കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ ചേർന്നു. വർഷങ്ങളോളം കാളിദാസ കലാകേന്ദ്രത്തിൽ തുടർന്ന ഇദ്ദേഹം റെയിൻബോ, സതി, കടൽപ്പാലം, സ്വന്തം ലേഖകൻ തുടങ്ങിയ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചു. 'റെയിൻബോ" യിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി. പിന്നീട് തിരുവനന്തപുരം സൗപർണിക, തിലകന്റെ ആലുവ രംഗഭൂമി എന്നീ സമിതികളിലും പ്രവർത്തിച്ചു. സ്ത്രീ, കടമറ്റത്ത് കത്തനാർ, മാളൂട്ടി, സ്വാമി അയ്യപ്പൻ, ക്രൈം ആൻഡ് പണിഷ്‌മെന്റ്, വാവ, നിഴലുകൾ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഫിലിപ്പിന്റെ വിയോഗത്തിൽ സിനിമ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചിച്ചു.