harit

നെയ്യാറ്റിൻകര: നഗരസഭ ഹരിത കർമ്മ സേനയും ഹരിത സഹായസ്ഥാപനമായ അമാസ് കേരളയും സംയുക്തമായി പ്രദേശിക ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് നെയ്യാറ്റിൻകര നഗരസഭയിൽ തുടക്കമായി. നഗരസഭാ തല ഉദ്ഘാടനം ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. പൊതു സ്ഥലങ്ങളിലുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശിയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്തു സംരക്ഷിക്കാനാണ് പച്ചതുരുത്ത് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് നഗരസഭാ പ്രദേശത്തെ ഓഫീസ് പരിസരങ്ങളിലും പുറമ്പോക്കുകളിലും ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വെച്ചുപിടിപ്പിക്കും. ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മധുകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമ്യശ്രീ,സിന്ധു, സരിഗ, അശ്വതി, അമാസ് കേരള ഡയറക്ടർ ടോമി ബി.വി, സി.എ.ഒ അഭിനവ്, ഹരിത കർമ്മ സേന കൺസോഷ്യം സെക്രട്ടറി സുമ തുടങ്ങിയവർ പങ്കെടുത്തു.