തിരുവനന്തപുരം: ദേവകി വാര്യർ സ്‌മാരക സാഹിത്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. ദേവകി വാര്യരുടെ നൂറാം ജന്മദിനമായ ഇന്നലെ നന്ദാവനം എൻ. കൃഷ്ണപിള്ള സ്‌മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ദേവകി വാര്യർ സ്‌മാരക ട്രസ്റ്റ് രക്ഷാധികാരി പി.കെ. ശ്രീമതി പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. 10,​000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന സാഹിത്യ പുരസ്‌കാരം കണ്ണൂർ സ്വദേശിനി എം.കെ. സിജി ഏറ്റുവാങ്ങി. കോട്ടയം സ്വദേശികളായ അന്നമ്മ പോൾ, ആൻസി സാജൻ എന്നിവർക്ക് 5,​000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. സ്മാരക ട്രസ്റ്റ് പ്രസിഡന്റ് അനസൂയ അദ്ധ്യക്ഷയായി. ' കൊവിഡ് കാലത്തെ സ്ത്രീജീവിതം' എന്ന വിഷയത്തിൽ ചെറുകഥാ മത്സരമാണ് നടത്തിയത്. എഴുത്തുകാരികളായ റോസ്‌മേരി, ചന്ദ്രമതി, വിധികർത്താക്കളായ സുജ സൂസൻ ജോർജ്, എ.ജി. ഒലീന, വിനോദ് വൈശാഖി, സ്മാരക സെക്രട്ടറി ടി. രാധാമണി, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ആർ. പാർവതിദേവി എന്നിവരും പങ്കെടുത്തു.