natraj

തിരുവനന്തപുരം: കലയിൽ വിസ്മയം തീർക്കുകയാണ് ഡോ.ഗണേശ് സുബ്രഹ്മണ്യൻ. മോതിരത്തിനുള്ളിൽ ശ്രീപത്മനാഭ സ്വാമിയുടെ അനന്തശയനം, കടുകുമണിയോളം പോന്ന നടരാജ വിഗ്രഹം ഇങ്ങനെ നീളുകയാണ് ഈ നാനോ ആർട്ടിസ്റ്റിന്റെ കരവിരുതുകൾ. സ്വർണത്തരികളിൽ നിർമ്മിച്ചെടുക്കുന്ന ഈ നാനോ ശില്പങ്ങളുടെ ഭംഗി ആസ്വദിക്കണമെങ്കിൽ മൈക്രോസ്കോപ്പിലൂടെ തന്നെ നോക്കണം. ഈ കരവിരുതിന് ഗിന്നസും, ലിംകയും ഉൾപ്പെടെ നിരവധി റെക്കാഡുകളും ലഭിച്ചിട്ടുണ്ട്. വമ്പൻ ശില്പനിർമ്മിതികളുള്ള ഇക്കാലത്ത് എന്തുകൊണ്ട് നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയാത്തവിധം ശില്പങ്ങൾ നിർമ്മിച്ചുകൂടാ എന്ന ചിന്തയാണ് ഗണേശിനെ ഈ നാനോ ആർട്ടിലേക്ക് നയിച്ചത്. 12x ലെൻസിലൂടെ മാത്രം കാണാനാകുന്ന ഏതാണ്ട് അൻപതോളം ചിത്രങ്ങൾ ഇന്ന് ഗണേശിന്റെ സ്വന്തമാണ്.

ചെറുതെന്ന വലുത്
പരമ്പരാഗതമായി സ്വർണപ്പണി ചെയ്യുന്നവരാണ് ഡോ.ഗണേശ് സുബ്രഹ്മണ്യന്റെ കുടുംബം. അങ്ങനെയാണ് സ്വർണപ്പണിയോടൊപ്പം വ്യസ്തത വേണമെന്നാഗ്രഹിച്ച് ഈ നാനോ ആർട്ട് തുടങ്ങുന്നതും. 2005ൽ 'തോണിക്കാരനും തോണിയും' എന്ന നാനോ ശില്പത്തിലൂടെയാണ് ഗണേശ് നാനോ ആർട്ട് മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. ആദ്യമായി നിർമ്മിച്ചത് അനന്തശയന ശില്പമായിരുന്നു. 3.5 മില്ലീമീറ്റർ മാത്രം വലിപ്പമുള്ള സ്വർണത്തരിയിലായിരുന്നു ശില്പനിർമ്മാണം. പിന്നീട് തിരുവിതാംകൂർ രാജകുടുംബാംഗമായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ആവശ്യപ്രകാരം ഈ ശില്പം മോതിരരൂപത്തിൽ 'അനന്ത വിജയം' എന്ന പേരിൽ നിർമ്മിച്ച് സമ്മാനമായി നൽകി. ഇത് ശ്രദ്ധയിൽപ്പെട്ട നടൻ മോഹൻലാലും ഗണേശിനെ തേടിയെത്തി. നടരാജ വിഗ്രഹം അടങ്ങിയ മോതിരമായിരുന്നു മോഹൻലാലിനായി ഒരുക്കിയത്. മക്ക മദീന, യേശുക്രിസ്തു, കഥകളി, ഗ്രാമഫോൺ, സ്റ്റാച്യു ഒഫ് ലിബർട്ടി, എസ്‌കേപ്പ് ഫ്രം കൊവിഡ് തുടങ്ങി നിരവധി ശില്പങ്ങൾ ഗണേശിന്റെ 'നാനോക്രാഫ്റ്റ് ആർട്ട് ഗാലറി'യിലുണ്ട്. ലോക റെക്കാഡ് നേടിയ ഏറ്റവും ചെറിയ നമ്പർ ലോക്കും ഗണേശ് സുബ്രഹ്മണ്യൻ നിർമ്മിച്ചിട്ടുണ്ട്. 3 മില്ലീമീറ്റർ ഉയരവും 1 മില്ലീമീറ്റർ വ്യാസവും മാത്രമാണ് 5,6,7 എന്ന നമ്പറിൽ തുറക്കുന്ന ഈ ലോക്കിനുള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ ശില്പങ്ങളുടെ ഒരു മ്യൂസിയം സ്ഥാപിക്കുകയാണ് ഗണേശിന്റെ സ്വപ്നം. ശില്പങ്ങൾ പരിഗണിച്ച് അമേരിക്കയിലെ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റി ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു.