ddd

 തൊണ്ടിമുതൽ കണ്ടെത്തിയാലുടൻ അറസ്റ്റ്

തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുറിയിൽ നിന്ന് സ്വർണവും വെള്ളിയും പണവും നഷ്ടപ്പെട്ട സംഭവത്തിൽ കള്ളനെ പൊലീസ് തിരിച്ചറിഞ്ഞു. സർ‌വീസിൽ നിന്ന് വിരമിച്ച ഒരു സീനിയർ സൂപ്രണ്ടാണ് കേസിലെ പ്രതി. നഗരത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ രണ്ട് ശാഖകളിലായി സർവീസിലിരിക്കെ ഇയാൾ വൻതോതിൽ സ്വർണം പണയപ്പെടുത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ആർ.ഡി.ഒ ഓഫീസ് ജീവനക്കാരുടെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ചിരുന്നു. വിരമിച്ച ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ, പണയ ഇടപാടുകൾ തുടങ്ങിയ വഴികളിൽ നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സ്വദേശിയായ സീനിയർ സൂപ്രണ്ടിന്റെ ഇടപാടുകൾ പുറത്തായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നടത്തിയ പണയം ഇടപാടുകളുടെ കണക്ക് ലഭ്യമാകുന്നതോടെ എത്ര രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

വിരമിച്ച ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലുള്ളതെന്ന് വ്യക്തമായ സാഹചര്യത്തിൽ കാണാതായ സ്വർണാഭരണങ്ങൾ അയാളുടെ പക്കൽ നിന്നോ പണയപ്പെടുത്തിയിരിക്കുന്ന സ്ഥാപനത്തിൽ നിന്നോ കണ്ടെത്തിയാൽ തട്ടിപ്പിന്റെ തെളിവായി അത് മാറും. തൊണ്ടിമുതലായ സ്വ‌ർണത്തിന്റെ ഒരു അംശമെങ്കിലും ഇത്തരത്തിൽ കണ്ടെത്തിയാലുടൻ കുറ്റവാളിയെ അറസ്റ്റുചെയ്യാനാണ് പൊലീസിന്റെ നീക്കം. പണയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള തെളിവുകൾ ലഭ്യമാകുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

തിരിച്ചെടുക്കാതെ പണയത്തിൽ തുടരുന്നതോ ലേലത്തിനായി മാറ്റിവച്ചിരിക്കുന്നതോ ആയ പണയപ്പണ്ടങ്ങളിൽ നിന്ന് ആ‌ർ.ഡി.ഒ ഓഫീസിലെ തൊണ്ടിമുതലിന്റെ ഒരു തരിയെങ്കിലും വീണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. കവർച്ചാക്കേസിൽ പേരൂർക്കട സി.ഐ അബ്ദുൾ ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണം നിർണായക ഘട്ടത്തിലെത്തിനിൽക്കെ ലോക്കറിന്റെ ചുമതല വഹിച്ചിരുന്ന ചിലരും സംശയനിഴലിലുണ്ട്. തട്ടിപ്പിന് പിന്നിൽ അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുണ്ടായെന്ന് കണ്ടാൽ അവർക്കെതിരെയും ക്രിമിനൽ നടപടികളുണ്ടാകും. സീനിയർ സൂപ്രണ്ടുമാർ അധികാരം കൈമാറുമ്പോൾ തൊണ്ടിമുതലുകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട് രജിസ്റ്ററുകളിൽ കൈപ്പറ്റിയതായി രേഖപ്പെടുത്തി ഒപ്പിടണമെന്നാണ് ചട്ടം. എന്നാൽ പേരൂർക്കട ആർ.ഡി.ഒാഫീസിൽ പലരും തൊണ്ടികൾ ഔദ്യോഗികമായി ഏറ്റുവാങ്ങിയതായി രേഖപ്പെടുത്തുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ല.

തട്ടിപ്പിന് പിന്നിൽ ഓഫീസിലെ ജൂനിയർ സൂപ്രണ്ടുൾപ്പെടെ ചില ജീവനക്കാർക്കും ബന്ധമുണ്ടാകാനിടയുണ്ടെന്ന സംശയത്തിൽ ആ വഴിക്കും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക അന്വേഷണം പൂർത്തിയാക്കുന്നതിനൊപ്പം പ്രതിയുടെ അറസ്റ്റുകൂടി നടത്താനാണ് പൊലീസിന്റെ നീക്കം.