
കോവളം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള ശ്രോതസുകളിൽ ഒന്നായ വലിയതോട് മാലിന്യവാഹിയായി മാറുന്നു.
കോട്ടുകാലിലെ വലിയ തോട്ടിലേക്കും, നടുത്തോട്ടിലേക്കു വന്നുചേരുന്ന പതിനാറ് തോടുകളാണ് നിലവിലുണ്ടായിരുന്നത്. കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ പല വാർഡുകൾ ഉൾപ്പെടെ തീരപ്രദേശത്ത് അടിക്കടിയുണ്ടാകുന്ന പകർച്ചവ്യാധികൾക്കും മാരകരോഗങ്ങൾക്കും ഇടയാക്കുന്നത് ഈ ജലാശയത്തിലെ മലിനീകരണമാണെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ പ്രദേശത്തുണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് പ്രധാന കാരണം കുടിവെള്ളത്തിലെ അപാകതയെന്ന് നാട്ടുകാർ ആരോപിക്കുന്നു. വലിയ തോടിനെ നിലനിറുത്തി മാലിന്യ മുക്തമാക്കി സംരക്ഷിച്ചില്ലെങ്കിൽ വരും നാളുകളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാലരാമപുരം ചാലിയാർ തെരുവോരങ്ങളിൽ നിന്ന് ഒഴുകിവരുന്ന മാലിന്യങ്ങളാണ് വലിയ തോടിന് ഭീഷണിയാകുന്നത്.
നടപടി വേണം
ആട്ടറമൂല, പുത്തളം, കൊല്ലകോണം എന്നീ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ആറോളം പമ്പ്ഹൗസിന് സമീപത്തുകൂടിയാണ് വലിയതോട് ഒഴുകുന്നത്. ഇവിടെ പല പമ്പ് ഹൗസിന് സമീപം മാലിന്യം കൊണ്ട് നിറഞ്ഞു. തോട് സംരക്ഷണം വേണമെങ്കിൽ മാലിന്യത്തിന്റെ ഉറവിടം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടുത്തകാലം വരെ വറ്റാത്ത നീരുറവകളായ ഇടത്തേക്കോണം, കൊല്ലകോണം, കുഴിവാളക്കോണം, വളവുനട, പുന്നക്കുളം, മരുതൂർക്കോണം, ഇറത്തിക്കര, മൂലക്കര, മരപ്പാലം, പുലിയൂർക്കോണം, മുര്യത്തോട്ടം, ആട്ടറമൂല തുടങ്ങിയ തോടുകളിലും മാലിന്യ ഭീഷണിയുണ്ട്.
നീർച്ചാലുകൾ ശോചനീയം
സമീപ പഞ്ചായത്തുകളിലടക്കം ശുദ്ധജലമെത്തിക്കാനുള്ള മിനി വാട്ടർ സപ്ലൈ സ്കീമുകളുടെ പമ്പ് ഹൗസുകളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. കോട്ടുകാൽ പഞ്ചായത്ത് പ്രദേശങ്ങൾക്ക് കുടിവെള്ള ദായനിയായ കരിച്ചൽ കായൽ ഇന്ന് രോഗശയ്യയിലാണ്. നീർച്ചാലുകൾ പലതും മണ്ണ് വീണ് മൂടി. തോടുകളിൽ ഒഴുക്ക് നിലച്ചു. അവിടങ്ങളെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി. വലിയതോടും നടുത്തോടും കൈയേറ്റക്കാരുടെ കൈകളിൽ അമർന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളുടെ നിക്ഷേപ കേന്ദ്രങ്ങളായി തോടുകൾ മാറിയിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.