ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ചവർക്കുള്ള ഈ മാസത്തെ പെൻഷൻ വിതരണത്തിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് ധനവകുപ്പ് 145.17 കോടി അനുവദിച്ചു. പെൻഷൻ വിതരണത്തിന്റെ നടപടിക്രമങ്ങൾ നാളെ മുതൽ ആരംഭിക്കും.

അതേസമയം ശമ്പള വിതരണത്തിന് 35 കോടിയുടെ സഹായം കൂടി വേണമെന്ന കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ ആവശ്യം ധനവകുപ്പ് പരിഗണിച്ചില്ല. 82.5 കോടിയാണ് ശമ്പളവിതരണത്തിനായി വേണ്ടത്. കഴിഞ്ഞമാസത്തെ ഓവർ ഡ്രാഫ്റ്റ് സർക്കാർ ഈ മാസം അനുവദിച്ച 30 കോടി വിനിയോഗിച്ച് അടച്ചു. കുറച്ച് തുക കൂടി ഇനി അടക്കാനുമുണ്ട്. ഇത് പൂർത്തിയാക്കുന്ന മുറക്ക് 45 കോടി കൂടി ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് നീക്കം. ഇതിനുപുറമെ 35 കോടി സർക്കാർ സഹായവും പ്രതിദിന കളക്ഷനിൽ നിന്നുള്ള നീക്കിയിരിപ്പും കൂടി ചേർത്ത്‌ മേയിലെ ശമ്പളവിതരണത്തിനാണ് മാനേജ്‌മെന്റ് ശ്രമം നടത്തുന്നത്