
പാലോട്: നന്ദിയോട് ഗവ: എൽ.പി സ്കൂളിലെ പ്രീപ്രൈമറി ക്ലാസിൽ ഇനി ഇരട്ടകൾ വാഴും. സ്കൂൾ പ്രവേശനം ആരംഭിച്ചതിനു ശേഷം സ്കൂളിൽ പ്രീ -പ്രൈമറി ക്ലാസിൽ നാല് ഇരട്ടകൾ ആണ് പ്രവേശനം നേടിയത്. ഒരു ക്ലാസിൽ തന്നെ നാല് ഇരട്ടകൾ തുള്ളി കളിച്ചു നടക്കുന്നത് കൗതുക കാഴ്ചയാണ്. പ്രീപ്രൈമറി ആയതിനാൽ യൂണിഫോം നിർബന്ധമല്ലാത്തതിനാൽ ഒരേ വേഷവും പൊട്ടും വളകളും എല്ലാം ഒരേ പോലെ ധരിച്ചാണ് സ്കൂളിലേക്ക് വരുന്നത്. നന്ദിയോട് പയറ്റടിയിലെ മനോജ്-രേവതി ദമ്പതികളുടെ മക്കളായ ആത്മീയ, അവാനിയ, കള്ളിപ്പാറ സ്വദേശികളായ ഷൈജു-ദിവ്യ ദമ്പതികളുടെ മക്കളായ അനന്തപദ്മനാഭൻ, അനന്തനന്ദൻ, താന്നിമൂട് സ്വദേശികളായ സിബി മനോഹരൻ- രാജി ദമ്പതികളുടെ മക്കളായ കാശി നാഥ്, യാദവ്നാഥ്, കൊച്ചുതാന്നിമൂട് സ്വദേശികളായ ഇലക്യാ- മൻജിത്ത് ദമ്പതികളുടെ മക്കളായ മാനിയ, മന്നിത്ത് എന്നിവരാണ് നന്ദിയോട് ഗവ. എൽ.പി.എസ്സിൽ പ്രവേശനം നേടിയത്. പുറമെ നിന്ന് കാണുന്നവർക്ക് ഒറ്റ നോട്ടത്തിൽ പരസ്പരം മനസിലാവില്ലെങ്കിലും അദ്ധ്യാപകർക്ക് ഇവരെ തിരിച്ചറിയാൻ പ്രയാസമില്ല.
കൂട്ടികൾ എല്ലാവരും മിടുക്കരും പഠന കാര്യങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരും ആണെന്ന് പ്രഥമ അദ്ധ്യാപിക ഷൈജ കെ. എസ് പറയുന്നു.