
ഉദിയൻകുളങ്ങര: കഞ്ചാവുമായി യുവാവിനെ പിടികൂടി. തിരുവനന്തപുരം നേമം വില്ലേജ് പരിധിയിലുള്ള കരുമം ലക്ഷംവീട് കോളനിയിൽ പന്നിമുട്ടത്തിൽ വീട്ടിൽ കിരണിനെയാണ് (28) പിടികൂടിയത്. കഞ്ചാവ് ചില്ലറ വില്പനക്കാരനായ ഇയാളെ ഇന്നലെ ചെങ്കൽ വട്ടവിള ഭാഗത്തു വച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അമരവിള എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 1.130 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.
ഒരു കിലോയിലധികം കഞ്ചാവ് സമീപത്ത് മറ്റ് ആർക്കോ കൈമാറിയതിന് ശേഷം മടങ്ങിവരവേയാണ് കിരൺ പിടിയിലായതെന്ന് അധികൃതർ പറഞ്ഞു. ഇയാൾക്കെതിരെ മുൻപും നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിട്ടുണ്ട്. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സുധീഷ് കൃഷ്ണ, സിവിൽ ഓഫീസർമാരായ നിഷാന്ത് എ.എസ്, രാജേഷ് കുമാർ.എസ്, രാജേഷ് ആർ.എസ്, ശങ്കർ.പി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.