1

തിരുവനന്തപുരം:എത്രയധികം മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ,ഫിലിപ്പിന്റെ നിർമ്മാണത്തിൽ ഡി.ഫിലിപ്പ് അഭിനയിച്ച കോലങ്ങളിലെ കടത്തുകാരൻ പൈലിയെയാണ് ആരോധകർക്ക് ഇന്നും ഏറെ പ്രിയം. ഇന്നലെ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച പലരും പൈലിയെ ഓർത്തെടുത്തിരുന്നു.

ആസ്വാദകരും സിനിമ നിരൂപകരും എന്നും മനസിൽ സൂക്ഷിക്കുന്ന കഥാപാത്രവും പൈലി തന്നെ. അന്ന് സിനിമ ഒരുക്കണമെന്ന ആവശ്യവുമായി കെ.ജി ജോർജിനെ സമീപിച്ചത് ഫിലിപ്പും സഹനിർമാതാവായ കെ.ടി വർഗീസും കൂടിയായിരുന്നു. അവരുടെ ആഗ്രഹത്തിനൊപ്പം ജോർജ് നിന്നു. പ്രധാന കഥാപാത്രമായ കടത്തുകാരൻ പൈലിയുടെ വേഷം ഫിലിപ്പിൽ ഭദ്രമായിരുന്നു.

പിന്നീട് കോലങ്ങളിലെ കഥാപാത്രത്തിന്റെ അത്രയും പ്രാധാന്യമുള്ള റോളുകൾ ഫിലിപ്പിനെ തേടിയെത്തിയില്ല. എന്നാൽ ലഭിച്ച വേഷങ്ങളെല്ലാം ഗംഭീരമാക്കി. കോട്ടയം കുഞ്ഞച്ചനിലെ വൈദികനാണ് സിനിമയിൽ ഫിലിപ്പിനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രം. മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനും പ്രതാപ ചന്ദ്രന്റെ കാഞ്ഞിരപ്പള്ളി പാപ്പനും സുകുമാരന്റെ നേതൃത്വത്തിലുള്ള ഉപ്പുകണ്ടം ചട്ടമ്പിമാർക്കും ഇടയിൽ ഫിലിപ്പിന്റെ അച്ചൻ കഥാപാത്രവും തിളങ്ങി. തുടർന്ന് അമ്പതിലധികം ചിത്രങ്ങൾ.
അരങ്ങാണ് ഫിലിപ്പിലെ നടനെ രൂപപ്പെടുത്തിയത്. കെപിഎസിയും കാളിദാസ കലാകേന്ദ്രവും ഉൾപ്പെടെയുള്ള സമിതികളിൽ കേരളം ആ അഭിനയ ചാതുരി നേരിൽ കണ്ടു. കലയെ ജീവന് തുല്യം സ്‌നേഹിച്ചു. ഒരിടക്കാലത്ത് പ്രവാസിയായപ്പോഴും മറുനാട്ടിൽ കലാപ്രവർത്തനങ്ങളെ മുറുകെ പിടിച്ചത് അതുകൊണ്ടായിരുന്നു. സീരിയലുകളിലും ഫിലിപ്പ് ശോഭിച്ചു.

സ്നേഹ സമ്പന്നൻ: നടി മേനക

സ്നേഹ സമ്പന്നനായിരുന്നു ഫിലിപ്പെന്ന് നടി മേനക പറഞ്ഞു.സാർ എന്ന് ആദ്യമേ വിളിച്ച് ശീലിച്ചു.ഫിലിപ്പ് നിർമ്മിച്ച ആദ്യ ചിത്രമായ കോലങ്ങളിലെ നായികയാണ് മേനക.തന്നെ ആദ്യമായി സിനിമയിലേയ്ക്ക് ബുക്ക് ചെയ്യാൻ ചെന്നൈയിലെ വീട്ടിൽ എത്തിയ ഫിലിപ്പിനെ മേനക ഇന്നും ഓർക്കുന്നു.കോലങ്ങളിലെ ഷൂട്ടിംഗ് സെറ്റിൽ ആഹാരത്തിന് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ തനിക്ക് വേണ്ടി പ്രത്യേകം ആഹാരം ഫിലിപ്പ് കൊണ്ടു വന്നു.പ്രൊഡ്യൂസറെന്ന നിലയിൽ അദ്ദേഹം പെരുമാറിയിട്ടില്ല.

കോലങ്ങൾ റീലീസായതിന് ശേഷം 1984ൽ താൻ ദുബായിലെത്തിയപ്പോൾ തന്റെ വീട് കണ്ടു പിടിച്ച് വന്ന് തനിക്ക് മേക്കപ്പ് ബോക്സ് സമ്മാനിച്ച ഫിലിപ്പ് സാറിന്റെ സ്നേഹം ഇപ്പോഴും ഓർക്കുന്നു.ഇന്നും ഫിലിപ്പ് സാർ തന്ന സമ്മാനം താൻ സൂക്ഷിക്കുന്നുണ്ടെന്നും മേനക കേരള കൗമുദിയോട് പറഞ്ഞു