
തിരുവനന്തപുരം : ലോകത്തെ പിടിച്ച് കുലക്കിയ വാർത്താ ചിത്രങ്ങളുടെ സമഗ്രമായ ശേഖരവുമായി നിശാഗന്ധിയിൽ രണ്ട് ദിവസത്തെ ഇന്റർനാഷണൽ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ കേരളയ്ക്ക് തുടക്കമായി.
അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട റോയിറ്റേഴ്സിന്റെ യുദ്ധകാര്യ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ പിതാവ് പ്രഫ: മുഹമ്മദ് അഖ്തർ സിദ്ദിഖി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഡാനിഷിന്റെ പടം കാമറയിൽ പകർത്തിയായിരുന്നു ഉദ്ഘാടനം .മനുഷ്യൻ നേരിടുന്ന വെല്ലുവിളികളെ ചിത്രങ്ങളിലൂടെ ലോകത്തെ അറിയിക്കാനാണ് ഡാനിഷ് സിദ്ദിഖി ശ്രമിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ആൾക്കൂട്ട കൊലയുടെ ചിത്രം പകർത്തിയ ശേഷം ഡാനിഷ് സിദ്ധിക്കിക്ക് നിരവധി കിലോമീറ്ററുകൾ ഓടിയാണ് ജീവൻ രക്ഷിക്കാനായത്. എന്നിട്ടും നേരിന്റെ ചിത്രങ്ങൾ പകർത്താൻ ഡാനിഷ് സിദ്ധിക്കി മടിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനായി.ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, മലയാള മനോരമ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം,പന്ന്യൻ രവീന്ദ്രൻ, മുതിർന്ന പ്രസ് ഫോട്ടോഗ്രാഫർ പി.മുസ്തഫ, സ്വരലയ ചെയർമാൻ ഡോ: ജി.രാജ്‌മോഹൻ,പത്ര പ്രവർത്തക യുണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജി അനുപമ, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു. സുരേഷ് വെള്ളിമംഗലം സ്വാഗതവും മീഡിയ അക്കാഡമി അസിസ്റ്റന്റ് സെക്രട്ടറി കെ.കല കൃതജ്ഞതയും പറഞ്ഞു. ലോക കേരള മാധ്യമസഭയുടെ ഭാഗമായി കേരള മീഡിയ അക്കാഡമിയാണ് മേള ഒരുക്കിയത്.
. മീഡിയ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക കേരള മാദ്ധ്യമസഭ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളി മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കും.