subitha

പാറശാല: തലസ്ഥാനത്ത് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് ഒരു മരണം കൂടി. പാറശാല അയ്ങ്കാമത്ത് ഇടക്കരിമ്പനവിള വീട്ടിൽ പ്രസാദിന്റെ ഭാര്യ സുബിതയാണ് (38) ഇന്നലെ മരിച്ചത്. ബുധനാഴ്ച വർക്കലയിൽ 15വയസുള്ള അശ്വതി ചെള്ളു പനി ബാധിച്ച് മരിച്ചിരുന്നു.

ഒരാഴ്ച മുൻപ് പനി ബാധിച്ചതിനെത്തുടർന്ന് സുബിത സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുറയാത്തതിനാൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തി. അപ്പോഴേക്കും രോഗം മൂർച്ഛിച്ചിരുന്നു. രക്തസാമ്പിൾ ഫലം വെള്ളിയാഴ്ച ലഭിച്ചപ്പോഴാണ് ചെള്ളുപനിക്ക് കാരണമായ ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടത്. ഓക്‌സിജന്റെ അളവ് കുറഞ്ഞ് അവശതയിലായ സുബിതയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 6.30തോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. കൂലിപ്പണിക്കാരനാണ് ഭർത്താവ് പ്രസാദ്. അർഷിൻ (9),അർഷിത് (രണ്ടര വയസ്) എന്നിവരാണ് മക്കൾ.

ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലോ പരിസരത്തോ മറ്റ് പനി ബാധിതരുള്ളതായി കണ്ടെത്തിയിട്ടില്ല. ചെള്ളുപനി തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.