
ബാലരാമപുരം: ദേശീയപാതയിൽ കൊടിനട ജംഗ്ഷനു സമീപം പൊലീസ് ജീപ്പിൽ ലോറിയിടിച്ച് മൂന്ന് പൊലീസുകാർക്ക് പരിക്ക്. പോത്തൻകോട് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ മിഥുൻ, പ്രിൻസിപ്പൽ എസ്.ഐ രാജീവ്, വാഹനമോടിച്ചിരുന്ന സി.പി.ഒ മനീഷ് എന്നിവർക്കാണ് പരിക്കേറ്റത്, ആരുടെയും പരിക്ക് ഗുരുതരമല്ല. എസ്.ഐ ആഷിഖ്, പ്രതികളായ അരുൺ, ജോൺപോൾ എന്നിവരും ജീപ്പിലുണ്ടായിരുന്നു. ഞായറാഴ്ച്ച പുലർച്ചെ 2.30 കഴിഞ്ഞാണ് സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് വെള്ളറടയിൽ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോവുകയായിരുന്നു. ദിശമാറിയെത്തിയ ലോറി പൊലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗത്തെ ലൈറ്റിംഗ് സംവിധാനമുൾപ്പെടെ തകർന്നു. ലോറി ഡ്രൈവർ കളിയിക്കാവിള സ്വദേശി വിനായകനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടിനടയിൽ അപകടം തുടർ സംഭവമാവുകയാണ്. ഇവിടെ ട്രാഫിക് സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്.