pinarayi-vijayan

തിരുവനന്തപുരം: കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷവും കേരളകൗമുദിയുടെ 111-ാം വാർഷികവും നാളെ വൈകിട്ട് 6ന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. കുമാരനാശാനെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്റെ കവർ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശന് നൽകി നി‌ർവഹിക്കും. കുമാരനാശാനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി, തിരുവനന്തപുരം- ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ തുടങ്ങിയവർ പങ്കെടുക്കും. 'വീണപൂവ് വിത്തും വൃക്ഷവും" എന്ന വിഷയത്തെ ആസ്‌പദമാക്കി മുൻ ചീഫ്‌ സെക്രട്ടറി കെ. ജയകുമാർ പ്രഭാഷണം നടത്തും. പിന്നണിഗായകരായ മഞ്ജരി, മധു ബാലകൃഷ്‌ണൻ, സംഗീത സംവിധായകൻ ഇഷാം, നടി അനുശ്രീ എന്നിവർ നയിക്കുന്ന ഗാന-നൃത്ത സന്ധ്യയും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും. ന്യൂ രാജസ്ഥാൻ മാർബിൾസാണ് മുഖ്യ സ്പോൺസർ. സരസ്വതി എന്റർപ്രൈസസ്, ജ്യോതിസ് സെൻട്രൽ സ്‌കൂൾ, സൈലം ലേണിംഗ് ആപ്പ്, ഭീമ ജുവലറി, ഡോ. കെ.ജെ. ശ്രീജിത്ത് പ്രണവം, ഫെഡറൽ ബാങ്ക്, ഇന്ത്യൻ ഓയിൽ, ട്രെൻഡ്‌സ്, എസ്.കെ. ഹോസ്‌പിറ്റൽ, കേരള സംസ്ഥാന ലോട്ടറി തുടങ്ങിയവരാണ് മറ്റ് സ്‌പോൺസർമാർ.