തിരുവനന്തപുരം:പനവിളയിൽ നിർമ്മാണത്തിലിരുന്ന ഫ്ളാറ്റിന് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ അന്യസംസ്ഥാനത്തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തിൽ തൈക്കാട് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി.റിപ്പോർട്ടിന്റെയും സ്ഥല പരിശോധനയുടെയും അടിസ്ഥാനത്തിൽ സ്‌റ്റോപ്പ് മെമ്മൊ നൽകാൻ തഹസിൽദാർ തീരുമാനിച്ചു.വിശദമായ റിപ്പോർട്ട് ഇന്നലെ കളക്ടർക്ക് കൈമാറി.സ്ഥലത്ത് പി.ഡബ്ല്യു.ഡി വിഭാഗത്തിന്റെ പരിശോധന നടത്താനും ശുപാർശയും ചെയ്യും.സുരക്ഷിത്വം ഉറപ്പാക്കിയ ശേഷമാകും വീണ്ടും നിർമ്മാണ പ്രവൃത്തികൾ അനുവദിക്കുക.ഫ്ളാറ്റ് നിർമ്മാണത്തിന്റെ ഭാഗമായി 25 അടി ആഴത്തിൽ മണ്ണ് മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പി.ഡബ്ല്യു.ഡി വിഭാഗത്തിൽ നിന്ന് പരിശോധന ആവശ്യമാണെന്നും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിലുണ്ട്.കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.15നായിരുന്നു സംഭവം. നിർമാണത്തിലുള്ള ഫ്ളാറ്റിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ താൽക്കാലിക ഷെഡും അടുക്കളയും തകർന്നാണ് രണ്ട്‌ തൊഴിലാളികൾക്ക് പരിക്കേറ്റത്.