
ബാലരാമപുരം: ചെറുപ്രായത്തിൽ തന്നെ യോഗാഭ്യാസത്തിലും കളരിമുറകളിലും വൈദഗ്ദ്ധ്യം നേടിയ കുരുന്ന് സഹോദരങ്ങൾ നാടിന് അഭിമാനമാവുകയാണ്. നടുവൻതറട്ട എൽ.പി സ്കൂളിലെ മൂന്നാം ക്ലാസുകാരൻ ആദിത്യനും ഇതേ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായ അവന്തികയുമാണ് യോഗയിലെ പുതിയ താരങ്ങൾ. നെയ്യാർഡാമിലെ വിശാലമായ ജലോപരിതലത്തിൽ പത്മാസനത്തിൽ ശയിച്ച് കാട്ടാക്കട വീരണകാവ് പുന്നയ്ക്കാലവിള പുത്തൻവീട്ടിൽ മണികണ്ഠന്റെയും പ്രീതയുടെയും മൂത്ത മകനായ ആദിത്യൻ ഇക്കഴിഞ്ഞ യോഗദിനത്തിൽ ജനശ്രദ്ധ നേടിയിരുന്നു.
ജലനിരപ്പിൽ ഉയർന്നുള്ള പ്ലാവിനി പ്രാണായാമം ചേട്ടനോടൊപ്പം അഭ്യസിച്ച് സഹോദരി അവന്തികയും ഇപ്പോൾ ശ്രദ്ധാകേന്ദ്രമാവുകയാണ്. ജലനിരപ്പിൽ പൊങ്ങിക്കിടന്ന് മണിക്കൂറുകളോളം പ്രാണായാമം അഭ്യസിക്കാൻ ഇപ്പോൾ ആദിത്യന് നിഷ്പ്രയാസം സാധിക്കും. ജില്ലയിൽ പ്രമുഖ യോഗക്കളരി കേന്ദ്രമായ ശിവമർമ്മ കളരി ആൻഡ് യോഗ സെന്ററിന്റെ കാട്ടാക്കട വീരണകാവ് ബ്രാഞ്ചിൽ സുരേഷ് കുമാർ ഗുരുക്കളുടെ ശിക്ഷണത്തിലാണ് ആദിത്യനും അവന്തികയും കളരി അഭ്യസിക്കുന്നത്. അഷ്ടകുംഭ പ്രാണായാമത്തിൽ ഏറെ മനസാന്നിദ്ധ്യവും ശ്രദ്ധയും ധ്യാനവും വേണ്ട പ്രാവിനി പ്രാണായാമം വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ആദിത്യൻ പഠിച്ചെടുത്തത്.