തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൃത്യമായ ഇടവേളകളിൽ ഫയൽ അദാലത്തുകൾ നടത്തുമെന്നും ഇതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 71 ഓഫീസുകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ബോധപൂർവം ഫയലുകൾ വച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് വകുപ്പിന്റെ പിന്തുണ ലഭിക്കില്ല.സർക്കാർ സേവനം പൗരന്റെ അവകാശമാണ്.തപാലുകളും ഫയലുകളും സുതാര്യമായും വേഗത്തിലും നടപ്പാക്കാൻ ഇ-ഓഫീസ് സൗകര്യത്തിലൂടെ സാധിക്കും. സ്വാതന്ത്ര്യസമര ചരിത്രമുള്ള ആറ്റിങ്ങലിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപ്രധാന നിമിഷത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി,പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു.കെ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു.ജി. ഐ,വാർഡ് കൗൺസിലർമാർ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ,രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.