
പാലോട്: സ്വകാര്യ ബസ് ഓടയിലേക്ക് മറിഞ്ഞു. പേരയത്ത് നിന്ന് പാലോട്ടേക്ക് പോവുകയായിരുന്ന 'അനശ്വര'ബസാണ് തിങ്കളാഴ്ച രാവിലെ 9ഓടെ അപകടത്തിൽപ്പെട്ടത്.
പാലുവള്ളി സി.എസ്.ഐ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുമായി വന്ന ബസ് എതിർദിശയിൽ നിന്ന് വന്ന മറ്റൊരു സ്വകാര്യബസിന് സൈഡു കൊടുക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
തെറ്റായ രീതിയിൽ വഴികൊടുക്കവേ ബസിന്റെ വലതുവശത്തെ ചക്രങ്ങൾ ഓടയിലിറങ്ങുകയും ബസ് ചരിയുകയുമായിരുന്നു. ഡ്രൈവറിന്റെ അശ്രദ്ധയാണ് അപകടകാരണമെന്ന് യാത്രക്കാർ പറഞ്ഞു. ഇയാൾ ഡ്രൈവിംഗിനിടെ സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാരും യാത്രക്കാരും പൊലീസിനോട് പറഞ്ഞു.
ബസിന്റെ മുൻഭാഗത്തുണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ പാലോട് ഗവ. ആശുപത്രിയിലും, നെടുമങ്ങളാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടുവാപ്പാറ പാലം തകർന്നതിനെ തുടർന്നാണ് പ്രൈവറ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സി.എസ്.ഐ ജംഗ്ഷൻ വഴി വഴിതിരിച്ചു വിട്ടിരുന്നത്. രണ്ടു വാഹനങ്ങൾ ഒരുമിച്ച് പോകത്തക്കവിധമുള്ള റോഡല്ല ഇത്. ഇതുവഴി ഓടുന്ന ബസുകൾ വിദ്യാർത്ഥികൾക്ക് എസ്.ടി നൽകുന്നതിൽ വിമുഖത കാണിക്കാറുണ്ടെന്നും പരക്കെ പരാതിയുണ്ട്.