state-library-counsil

തിരുവനന്തപുരം: വർത്തമാനകാലത്തെ ചരിത്രവും സംസ്‌കാരവും വെല്ലുവിളി നേരിടുമ്പോൾ ഗ്രന്ഥശാലകൾക്കായി പുതിയ നയരൂപീകരണം നടത്തുന്നത് ഉചിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ലൈബ്രറി പ്രവർത്തക സംസ്ഥാന സംഗമം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാലാ പ്രവർത്തക സംഗമത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. കെ.വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, ബിനോയ് വിശ്വം എം.പി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു, സ്വാഗതസംഘം ജനറൽ കൺവീനർ ബി.പി.മുരളി എന്നിവർ പങ്കെടുത്തു.

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്‌കാരം കെ.സച്ചിദാനന്ദനും, നിരൂപണത്തിനുള്ള കടമ്മനിട്ട പുരസ്‌കാരം സുനിൽ പി.ഇളയിടത്തിനും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്‌കാരം അഡ്വ. പി.അപ്പുക്കുട്ടനും കഥാകാരൻ ടി.പത്മനാഭൻ സമ്മാനിച്ചു. ഗ്രന്ഥശാലകൾക്ക് ഏർപ്പെടുത്തിയ മറ്റ് അവാർഡുകളും വേദിയിൽവച്ച് വിതരണം ചെയ്തു. ടി.പത്മനാഭൻ, സച്ചിദാനന്ദൻ, സുനിൽ പി.ഇളയിടം, ബിനോയ് വിശ്വം എന്നിവർ ചേർന്ന് ഗ്രന്ഥശാലാ സംഗമത്തിന്റെ അക്ഷരദീപം കൊളുത്തി.