കാട്ടാക്കട: ഇക്കുറി ഓണത്തിന് കാട്ടാക്കടക്കാർ തോവാളയിലേക്കില്ല. കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും ഓണവിപണി ലക്ഷ്യമിട്ട് പൂക്കൃഷി നടത്തിയാണ് ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നത്. ഇത്തവണ കൊവിഡ് പ്രതിസന്ധി ബാധിക്കാതെ പഴയ രീതിയിൽ ഓണാഘോഷവും കാട്ടാക്കടയിൽ പൊടിപൊടിക്കും. ഓണത്തിന് അത്തപൂക്കളമൊരുക്കാൻ മണ്ഡലത്തിൽത്തന്നെ പൂകൃഷി ആരംഭിക്കാൻ ഐ.ബി.സതീഷ്. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ആറ് പഞ്ചായത്തുകളിലായി പരീക്ഷണമായി പൂകൃഷി ആരംഭിക്കും. ആദ്യഘട്ടമായി 8.5 ഹെക്ടറിൽ കൃഷി ചെയ്യുന്നതിന് സ്ഥലവും കർഷകരെയും കണ്ടെത്തും. 25 സെന്റുമുതൽ ഒന്നരയേക്കർ വരെയുള്ള വിവിധ യൂണിറ്റുകളിലായിട്ടാണ് കൃഷി ആരംഭിക്കുക. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഇനങ്ങൾ കൃഷി ഓഫീസർമാർ കണ്ടെത്തി അതിന്റെ വിത്തുകൾ കർഷകർക്ക് ലഭ്യമാക്കും. തുടർന്നുള്ള ചെടികളുടെ പരിചരണത്തിനും ആവശ്യമായ സാങ്കേതിക സഹായവും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും. തുടർന്ന് പൂക്കൾ ശേഖരിച്ച് മണ്ഡലത്തിൽ ആരംഭിക്കുന്ന വിപണിയിലൂടെ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് പരിപാടി.
കുടുംബശ്രീ യൂണിറ്റുകളും സ്വയം സഹായ സംഘങ്ങളും പൂകൃഷിയുടെ ഭാഗമാകും. നമ്മുടെ ഓണം നമ്മുടെ പൂക്കൾ എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി പരമാവധി വീടുകളിലും ഇതിന്റെ സന്ദേശം എത്തിച്ചു എല്ലാവരെയും പങ്കാളികളാക്കാനും ശ്രമം നടക്കും. ഈ മാസം പകുതിയോടെ പൂകൃഷി ആരംഭിക്കാനാണ് ശ്രമം. അതിനുള്ള പ്രാഥമിക പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നും വീട്ടമ്മമാർക്കും കർഷകർക്കും ഓണക്കാലത്ത് പൂകൃഷിയിലൂടെ മികച്ച വരുമാനം നേടാൻ കഴിയുമെന്നും ഐ.ബി.സതീഷ്.എം.എൽ.എ പറയുന്നു.ഭൂവിനിയോഗ ബോർഡ് കമീഷണർ എ. നിസാമുദീൻ മണ്ഡലത്തിലെ കൃഷി ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.