road-1

തിരുവനന്തപുരം: പൊട്ടിപ്പൊളിഞ്ഞ് തകർച്ചയുടെ വക്കിലാണ് മൂലവിളാകം - വടയക്കാട് റോഡ് വർഷങ്ങളായി. സമീപമുള്ള കണ്ണാശുപത്രി - പാറ്റൂർ റോഡുകൾ മുഖം മിനുക്കിയിട്ടും മൂലവിളാകം റോഡിന്റെ ദുരവസ്ഥ മാറിയിട്ടില്ല. പരാതികളും വിമർശനങ്ങളും ഉയരുമ്പോഴും ഒരു വർഷത്തിനുള്ളിൽ റോഡ് നവീകരിക്കുമെന്നാണ് നഗരസഭയുടെയും പി.ഡബ്ല്യു.ഡിയുടെയും അവകാശവാദം.

റോഡിനരികെയുള്ള ഓടയുടെ സ്ലാബുകളിൽ ചിലത് ഇളകിയ നിലയിലാണ്. മാത്രമല്ല മഴ പെയ്താൽ ഓട നിറഞ്ഞൊഴുകി മലിനജലം പുറത്തുവരും. മൂലവിളാകം റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ബന്ധപ്പെട്ടവരെ പരാതി അറിയിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ റോഡ് നന്നാക്കാമെന്ന പഴമൊഴി ആവർത്തിക്കുകയാണ് ഉത്തരവാദപ്പെട്ടവർ.

വീതിയില്ലാത്ത റോഡ്; വില്ലനായി കാലാവസ്ഥ


റോഡിന് വീതിയില്ലാത്തതും മോശം കാലാവസ്ഥയുമാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തടസമെന്നാണ് നഗരസഭ പറയുന്നത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി ഉപയോഗിച്ച് റോഡ് നവീകരിക്കാനാണ് പി.ഡബ്ല്യു.ഡി പദ്ധതിയിട്ടിരിക്കുന്നത്. ലെയറുകളായുള്ള ബി.എം ആൻഡ് ബി.സി ടാറിംഗാണ് മൂലവിളാകം - വടയക്കാട് റോഡിൽ നടത്തുക. ഈ റോഡിന് വീതി കുറവാണ്.

പി.ഡബ്ല്യു.ഡി റോഡുകൾക്ക് വീതി ആവശ്യമാണ്. ഈ റോഡിന്റെ നിലവിലെ ഘടന അനുസരിച്ച് കൂട്ടാൻ കഴിയുന്ന വീതി എടുത്തുകൊണ്ട് നവീകരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റോഡിന്റെ ലെവൽ നിശ്ചയിച്ച് കുറച്ച് വീതി കൂട്ടിയിട്ടുണ്ട്. കർവ് ക്ലീനിംഗും ഓട വൃത്തിയാക്കലും പൂർത്തിയായി. ബാക്കിയുള്ള ജോലികൾ ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.