തിരുവനന്തപുരം: കറുപ്പ് വസ്ത്രമണിഞ്ഞ് കരി ഓയിലും ചൂലുമായി സെക്രട്ടേറിയറ്റിലേക്ക് മഹിള മോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സെക്രട്ടേറിയറ്റിലേക്ക് മഹിളാ മോർച്ച മാർച്ച് നടത്തിയത്. സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റിൽ നിന്ന് മഹിളാ മോർച്ചാ പ്രവർത്തകർ കന്റോൺമെന്റ് ഗേറ്റിലേക്ക് നീങ്ങിയതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ശേഷം മഹിളാ മോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിലേക്ക് വീണ്ടും മാർച്ചുമായെത്തി. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകരിൽ ചിലർ ബാരിക്കേഡിന് മുകളിൽ കയറി കരിഓയിൽ ഒഴിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബീന.ആർ.സി, ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല രാധാകൃഷ്ണൻ, ഹിമ സിജി, സ്വപ്ന സുദർശൻ, ലീനാമോഹൻ, രജിത എന്നിവർ പങ്കെടുത്തു.