
തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി 15 മുതൽ സെപ്തംബർ 30 വരെ കൃഷിവകുപ്പിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഫയലുകൾ തീർപ്പാക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി മന്ത്രി പി.പ്രസാദ് അറിയിച്ചു. കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്,കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ് പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. യജ്ഞത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 21 ന് നടക്കും.
മേയ് 31 നകം തീർപ്പാക്കേണ്ടിയിരുന്ന മുഴുവൻ ഫയലുകളുടേയും ലിസ്റ്റ് ഉടൻ തയ്യാറാക്കും. 30നകം ബ്ലോക്ക് തലത്തിലെയും ജൂലായ് 15 നകം ജില്ലാ തലത്തിലേയും ഫയലുകൾ തീർപ്പാക്കും. ജില്ലാ തലങ്ങളിൽ ജൂലായ് 31 നകം ഫയൽ അദാലത്തുകൾ സംഘടിപ്പിക്കാനും തീരുമാനമായി. സെക്രട്ടറിയേറ്റ് തല അദാലത്തുകൾ ആഗസ്റ്റ് 2, സെപ്തംബർ 2 തീയതികളിലും, ഡയറക്ടറേറ്റ് തല അദാലത്തുകൾ ജൂലായ് 26, ആഗസ്റ്റ് 26 തീയതികളിലും സംഘടിപ്പിക്കും. ഒക്ടോബർ 10 നകം എല്ലാ വകുപ്പ്‌മേധാവികളും ഫയൽ തീർപ്പാക്കലിന്റെ സമാഹൃത റിപ്പോർട്ട് പ്രസിദ്ധീകരിക്കും.