തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ജില്ലാതല പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന്റെയും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടേയും നേതൃത്വത്തിൽ യോഗം ചേർന്നു. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ജനകീയ പദ്ധതിയാണ് 'ശുചിത്വ സാഗരം സുന്ദര തീരം'. ജില്ലയിൽ 72 കിലോമീറ്റർ കടത്തീരമാണ് പദ്ധതിയുടെ ഭാഗമായി ശുചീകരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും, തുടർ കാമ്പെയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫിഷറീസ് വകുപ്പ്, ക്ലീൻ കേരള മിഷൻ, മത്സ്യഫെഡ്, ഹാർബർ എൻജിനിയറിംഗ് വകുപ്പ്, തീരദേശ വികസന കോർപറേഷൻ, യുവജനക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ കടൽതീരത്തെ ഒരു കിലോമീറ്റർ പരിധിയുള്ള 72 ചെറു യൂണിറ്റുകളായി തരം തിരിച്ച് ഓരോന്നിനും കൃത്യമായ പ്രവർത്തന മാർഗരേഖ ഉണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. ഓരോ യൂണിറ്റിലും കുറഞ്ഞത് 25 പേരടങ്ങിയ കർമ്മസംഘത്തെ ചുമതലപ്പെടുത്തും. രണ്ടാംഘട്ടമായി സെപ്തംബർ 18ന് സമ്പൂർണ പ്ലാസ്റ്റിക് നിർമാർജന യജ്ഞം നടക്കും. അഴിമുഖങ്ങൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ മുങ്ങിയെടുത്ത് നീക്കം ചെയ്യുന്നതിന് മുങ്ങൽ വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കൗൺസിലർ പനിഅടിമ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീന സുകുമാരൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ബോസ്‌ലെ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.