തിരുവനന്തപുരം:വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതു പരിപാടികൾക്കുശേഷം തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ച് സംഘർഷത്തിൽ കലാശിച്ചു.വലിയതുറയിൽ നിന്ന് എയർപോർട്ടിലേക്ക് പോകുന്ന റോഡിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രതിഷേധക്കാർ മറിച്ചിട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ പല ഭാഗങ്ങളിൽ നിന്നായി പ്രവർത്തകർ റോഡ് ബ്ലോക്ക് ചെയ്‌ത് പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡിന് മുന്നിലേക്ക് എത്തിച്ചേർന്നു. ഇവർ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡ് ബലംപ്രയോഗിച്ച് മറിച്ചിട്ടു. ഇതോടെ പൊലീസ് അഞ്ച് റൗണ്ട് ജലപീരങ്കിയും ഏഴ് റൗണ്ട് ടിയർഗ്യാസും പ്രയോഗിച്ചു.ഇതിനിടെ ടിയർഗ്യാസ് ഷെല്ലുകൾ റോഡരികിലെ വീടുകളിൽ പതിച്ചതായി ആരോപിച്ച് സമീപവാസികൾ രംഗത്തെത്തി.വീടുകളിലുണ്ടായിരുന്ന പ്രായമേറിയവർക്കും കുട്ടികൾക്കും ശ്വാസതടസം അനുഭവപ്പെട്ടു. വീട്ടിൽ ഷെൽ വീണെന്നും പ്രായമായ അമ്മയ്‌ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും ആരോപിച്ച് വിമാനത്താവളത്തിന് സമീപം ലീന ഭവനിൽ താമസിക്കുന്ന വിജയമ്മയുടെ മകൾ സരയു റോഡിലേക്കിറങ്ങി പ്രതിഷേധിച്ചു.രോഗിയായ അമ്മയ്ക്ക് കണ്ണ് തുറക്കാൻ പറ്റുന്നില്ലെന്നും ശ്വാസതടസമുണ്ടായെന്നും മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും സരയു പറഞ്ഞു.തുടർന്ന് ടിയർഗ്യാസ് പ്രയോഗിക്കുന്നത് പൊലീസ് നിറുത്തി. പരിക്കേറ്റ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷ് പീറ്റർ ഉൾപ്പെടെയുളളവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ നേതൃത്വം നൽകിയ മാർച്ചിൽ നേതാക്കളായ നുസൂർ,നേമം ഷജീർ,ദിനേശ് ബാബു,വീണ എസ്.നായർ,ഷീബ പാട്രിക്,വിനോദ് യോശുദാസ് തുടങ്ങിയവർ പങ്കെടുത്തു.