dd

 തട്ടിപ്പിന്റെ വ്യാപ്‌തി കൂടിയേക്കും

തിരുവനന്തപുരം: ആർ.ഡി.ഒ ഓഫീസിലെ തൊണ്ടിമുതലുകൾ മോഷണംപോയ സംഭവത്തിൽ വിട്ടുകൊടുത്തതായി രേഖപ്പെടുത്തിയിട്ടുള്ള തൊണ്ടിമുതലുകളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് നീക്കം. രജിസ്റ്ററിൽ നിരവധി തൊണ്ടികൾ ഒരേ കാലഘട്ടത്തിൽ ' റിലീസ്ഡെന്ന് ' രേഖപ്പെടുത്തി വിട്ടുകൊടുത്തതായി കണ്ടതാണ് സംശയത്തിനിടയാക്കുന്നത്.

വർഷങ്ങളായി അവകാശികളാരും എത്താതിരുന്ന തൊണ്ടികളാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കൂട്ടത്തോടെ റിലീസ് ചെയ്‌തിരിക്കുന്നത്. ഇത്തരത്തിലുള്ള തൊണ്ടികളുടെ കണക്കെടുപ്പും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കേസിൽ സംശയനിഴലിലുള്ള സീനിയർ സൂപ്രണ്ടിന്റെ കാലത്ത് ഏതാണ്ട് ഡസൻ കണക്കിന് തൊണ്ടി മുതലുകളാണ് റിലീസ് ചെയ്‌തത്. തൊണ്ടി മുതലുകൾ വിട്ടുകൊടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചതായും കാണുന്നില്ല. തൊണ്ടിമുതൽ കൈപ്പറ്റാനെത്തുന്നയാൾ മരിച്ചയാളുടെ അവകാശിയാണെന്ന് തെളിയിക്കുന്ന ബന്ധുത്വ സാക്ഷ്യപത്രം ഹാജരാക്കണം. ഇയാളുടെ തിരിച്ചറിയൽ രേഖകളും ബന്ധുത്വ സർട്ടിഫിക്കറ്റും പരിശോധിച്ച് ഹിയറിംഗ് നടത്തി പൊലീസിന്റെ നിരാക്ഷേപ സാക്ഷ്യപത്രംകൂടി വാങ്ങിയശേഷമേ തൊണ്ടിമുതൽ വിട്ടുകൊടുക്കാവൂവെന്നാണ് ചട്ടം. എന്നാൽ തിരുവനന്തപുരം ആർ.ഡി.ഒ ഒാഫീസിൽ വിട്ടുകൊടുത്ത തൊണ്ടി മുതലുകളിലൊന്നും ഇത്തരത്തിലുള്ള നടപടികൾ പൂ‌ർത്തിയാക്കിയിട്ടില്ല.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് തട്ടിപ്പ് നടത്തിയതിന്റെ ഏറ്റവും വലിയ തെളിവാണിത്. നടപടിക്രമങ്ങൾ പാലിക്കാതെ തൊണ്ടിമുതലുകൾ വിട്ടുകൊടുത്തിരിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നത്. വിട്ടുകൊടുത്ത മുഴുവൻ തൊണ്ടികളുടെയും അവകാശികളെ കണ്ടെത്തി സാധനങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനാണ് തീരുമാനം. ഇതിനായി അന്വേഷണസംഘം പല ടീമുകളായി തിരിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം ഇക്കാര്യത്തിലുള്ള അന്വേഷണം പൂർത്തിയാക്കും. വിട്ടുകൊടുത്തതായി പറയപ്പെടുന്ന തൊണ്ടികൾ അവകാശികൾക്ക് ലഭിച്ചിട്ടില്ലെങ്കിൽ തട്ടിപ്പിന്റെ വ്യാപ്‌തി വീണ്ടും കൂടും.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പ്രഖ്യാപനമുണ്ടായെങ്കിലും ഔദ്യോഗിക ഉത്തരവ് ഇറങ്ങാത്തതിനാൽ നിലവിൽ പേരൂർക്കട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം ഇന്നലെയും ആർ.ഡി.ഒ ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. നിലവിലെ ജീവനക്കാർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന സൂചനകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.