
തിരുവനന്തപുരം: പൗർണമിക്കാവ് ബാലഭദ്രാ ദേവീ ക്ഷേത്രത്തിൽ മഹാകാളികാ യാഗത്തിൽ ആരാധിച്ച ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ ദേവീ പ്രതിമയുടെ പ്രതിഷ്‌ഠ ഇന്ന് രാവിലെ 10ന് പൂഞ്ഞാർ മിത്രൻ നമ്പൂതിരിരിപ്പാടിന്റേയും ക്ഷേത്ര ദൈവജ്ഞൻ മലയിൻകീഴ് കണ്ണൻ നായരുടേയും മേൽശാന്തി സജീവന്റേയും കാർമ്മികത്വത്തിൽ നടക്കും.
1350 കിലോ ഭാരവും ആറരയടി ഉയരവുമുള്ള പഞ്ചലോഹ വിഗ്രഹം തയ്യാറാക്കാൻ അമ്പത്തൊന്ന് കിലോ വെള്ളിയും അഞ്ച് കിലോ സ്വർണവും ഭക്തർ സംഭാവനയായി കൊടുത്തതാണ്. ശ്രീകോവിലിലെ ദേവിയുടെ പുറകിലായാണ് പുതിയ പഞ്ചലോഹ വിഗ്രഹം പ്രതിഷ്‌ഠിക്കുന്നത്. ഹാലാസ്യ ശിവന് മുന്നിൽ പഞ്ചലോഹത്തിൽ തീർത്ത മുരുക വേലും പ്രതിഷ്‌ഠിക്കുന്നുണ്ട്. മുരുകനും വള്ളിയും ദേവയാനിയുമുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പഞ്ചലോഹ വേലാണ് പൗർണമിക്കാവിൽ പ്രതിഷ്‌ഠിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.